ഭരത്പൂര്‍- രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അസ്ഹറുദ്ദീനും നാലു പേരും സഞ്ചരിച്ച കാര്‍ ടയര്‍ പഞ്ചറായി മറിയുകയായിരുന്നു.
സൂര്‍വാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്റര്‍സെക്ഷനിലായിരുന്നു അപകടം. കാറിനകത്തുനിന്ന് അസ്ഹറുദ്ദീനടക്കം എല്ലാവരേയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചുവെന്ന് സൂര്‍വാള്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചന്ദ്രഭന്‍ സിംഗ് പറഞ്ഞു.
സവായി മധോപൂര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു അസ്ഹറും സംഘവും. ഇവര്‍ മറ്റൊരു കാറില്‍ യാത്ര തിരിച്ചതായി പോലീസ് പറഞ്ഞു.
പ്രദേശവാസിയും ഹോട്ടല്‍ ജീവനക്കാരനുമായ സിറാജ് അലി എന്നയാള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.