ന്യൂദല്‍ഹി- സമരം ചെയ്യുന്ന കര്‍ഷകരുമായി സര്‍ക്കാര്‍ ഇതുവരെ നടത്തിയ ചര്‍ച്ചകളിലൊന്നും സര്‍ക്കാര്‍ വിളമ്പിയ ഭക്ഷണം കഴിക്കാന്‍ കര്‍ഷകര്‍ തയാറായിട്ടില്ല. അഞ്ചു തവണയും കര്‍ഷകര്‍ കഴിച്ചത് അവരുടെ സമൂഹ അടുക്കളയില്‍ (ലംഗാര്‍) പാകം ചെയ്ത് കൊണ്ടു വന്ന ഭക്ഷണമായിരുന്നു കഴിച്ചത്. ആറാം ഘട്ട ചര്‍ച്ച നടന്ന ഇന്നും പതിവു തെറ്റിയില്ല. എന്നാല്‍ ഇക്കുറി കര്‍ഷരുടെ ലംഗാര്‍ കഴിക്കാന്‍ കേന്ദ്ര മന്ത്രിമാരും കര്‍ഷകര്‍ക്കൊപ്പം കൂടി. പതിവില്‍ നിന്ന് വിപരീതമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമറും മന്ത്രി പിയൂഷ് ഗോയലും വിജ്ഞാന്‍ ഭവനിലെ ഭക്ഷണ ഹാളില്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് ഭക്ഷണം സ്വീകരിക്കുന്ന ദൃശ്യമാണ് കണ്ടത്. ചോറും റൊട്ടിയും പരിപ്പുകറിയും പച്ചക്കറിയുമായിരുന്നു വിഭവങ്ങള്‍.
നേരത്തേയും തങ്ങളുടെ ലംഗാര്‍ കഴിക്കാന്‍ കര്‍ഷകര്‍ മന്ത്രിമാരെ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ക്ഷണം സ്വീകരിച്ചിരുന്നില്ല. കര്‍ഷക നേതാക്കള്‍ ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ പിന്നാലെ എത്തുന്ന വാനിലാണ് കഴിക്കാനുള്ള ഉച്ചഭക്ഷണം കൊണ്ടുവരിക. ഭക്ഷണ ഇടവേളയാകുമ്പോള്‍ വാനില്‍ നിന്നും പുറത്തെടുത്ത് ഇത് ഭക്ഷണ ഹാളിലെത്തിച്ച് വിളമ്പുകയാണ് ചെയ്യുന്നത്.