86 ശതമാനം കറൻസിയും പിൻവലിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറൊരിടത്തും നടപ്പാക്കിയിട്ടില്ല. ഈ നടപടിയിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷ്യം പോലും നേടാനായില്ല. പണരഹിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ നോട്ട് നിരോധനം ഒട്ടും ഫലപ്രദമല്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തങ്ങളാണ്.
ഗുജറാത്തിലെ സൂറത്ത് നഗരം. രാജ്യത്തെ അതിസമ്പന്നരായ രത്‌ന വ്യാപാരികളുടെ കേന്ദ്രം. ഇന്ത്യയുടെ തുണി വ്യവസായ തലസ്ഥാനമാണ് സൂറത്ത്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായും കോൺഗ്രസ് സാരഥി രാഹുൽ ഗാന്ധിയും ബുധനാഴ്ച (നവംബർ 8) നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള സന്ദർശനത്തിന്റെ സൂചന ഇതാണ്. സൂറത്ത് ജനതയുടെ മനസ്സ് ഗുജറാത്തിലെ വിധി എഴുത്തിനെ സ്വാധീനിക്കും. ഇന്ത്യയുടെ തുണി ഉൽപാദനത്തിന്റെ നാൽപത് ശതമാനവും ഇവിടെ നിന്നാണ്. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിൽ ബി.ജെപിക്ക് ശക്തമായ പിന്തുണ നൽകിയ കേന്ദ്രമാണിത്. പട്ടേദാർ സമുദായത്തിന്റെ ബിസിനസ് താൽപര്യങ്ങൾക്ക് ഒട്ടും പോറലേൽക്കാതെ നോക്കുന്ന ബി.ജെ.പിയുള്ളപ്പോൾ മറ്റു പാർട്ടികളെന്തിന്? എന്നാലിപ്പോൾ കാലിന്റെ ചുവടിലെ മണ്ണ് ഒലിച്ചു പോകുന്നതായി കേന്ദ്രം ഭരിക്കുന്ന കക്ഷിയും തിരിച്ചറിയുന്നു. നഗരത്തിലും പ്രാന്തത്തിലുമായി നൂറ്റിയമ്പത് ചന്തകളിലായി നാലായിരത്തിലേറെ തുണി വ്യാപാര കേന്ദ്രങ്ങൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കച്ചവടക്കാർ പർച്ചേസിനെത്തിയിരുന്നതെല്ലാം പഴയ കഥ. എല്ലായിടത്തും ശ്മശാന മൂകത തളം കെട്ടി നിൽക്കുന്നു. അഞ്ച് ലക്ഷം പേരാണ് തുണി വിപണന-അനുബന്ധ വ്യവസായങ്ങളിൽ ജോലി ചെയ്യുന്നത്. നിത്യേന ആയിരം കോടി രൂപയുടെ ബിസിനസ് നടക്കുന്ന സ്ഥലം. നോട്ട് റദ്ദാക്കലും ധിറുതി പിടിച്ച് നടപ്പാക്കിയ ജി.എസ്.ടിയും ഇന്ത്യയുടെ വ്യവസായ-വാണിജ്യ രംഗങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് മനസ്സിലാക്കാൻ സൂറത്തിന്റെ കാര്യം മാത്രം പരിശോധിച്ചാൽ മതി. 90,000 നെയ്ത്തു ശാലകൾ പൂട്ടി, അര ലക്ഷം പേർ തൊഴിൽ രഹിതരായി. അഞ്ച് ശതമാനം മാർജിനിൽ കച്ചവടം ചെയ്യുന്നവർ എങ്ങനെ ഇരുപതും അതിലേറെയും ശതമാനം ജി.എസ്.ടി നൽകുമെന്നതാണ് വ്യാപാരികളുടെ പ്രധാന ചോദ്യം. ഇതിന്റെ അനുബന്ധമായി കാണാവുന്നതാണ് തമിഴുനാട്ടിലെ തിരുപ്പൂരിന്റെ ചിത്രം. ഇന്ത്യയുടെ ബനിയൻ തലസ്ഥാനമാണ് കോയമ്പത്തൂരിനടുത്തുള്ള ഈ കൊച്ചു പട്ടണം. കഴുതപ്പുറത്ത് അസംസ്‌കൃത പദാർഥങ്ങളെത്തിച്ചും ബാലവേല ചെയ്യിച്ചും കുറഞ്ഞ ചെലവിൽ പടർന്നു പന്തലിച്ച കുടിൽ വ്യവസായ കേന്ദ്രം. പണ പ്രവാഹം കുറഞ്ഞതിനാൽ ഇവിടത്തെ നാൽപത് ശതമാനം യൂനിറ്റുകളും കനത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ജി.എസ്.ടി അഞ്ച് ശതമാനമായി കുറച്ചില്ലെങ്കിൽ തിരുപ്പൂരിലെ ഗാർമെന്റ് ഇൻഡസ്ട്രിയുടെ ഭാവി അവതാളത്തിലാവും. തെക്കും വടക്കുമുള്ള ഓരോ നഗരത്തിലെ വിശേഷം രാജ്യത്തിന്റെ അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയിൽ നിന്നാണ് ജി.ഡി.പിയുടെ നാൽപത്തിയഞ്ച് ശതമാനവും. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന കോടിക്കണക്കിനാളുകൾക്ക് തൊഴിലവസരമൊരുക്കുന്ന രംഗമാണിത്. നോട്ട് റദ്ദാക്കലിന്റേയും ജി.എസ്.ടിയുടേയും പ്രഹരമേറ്റു വാങ്ങിയ മറ്റൊരു പ്രധാന മേഖലയാണ് റിയൽ എസ്റ്റേറ്റ്-ഭവന നിർമാണ രംഗം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ദീപാവലിയ്ക്ക് ക്രയവിക്രയങ്ങളിൽ അമ്പത് ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് വിദഗ്ധരെ ഉദ്ധരിച്ച് പ്രമുഖ സാമ്പത്തിക ദിനപത്രമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ദീപാവലി കാലത്താണ് ഏറ്റവും കൂടുതൽ ഇടപാട് നടക്കാറുള്ളത്. നോട്ട് റദ്ദാക്കലിനെ തുടർന്നുള്ള രണ്ട് മാസങ്ങളിൽ നിശ്ചലമായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കർശന നിയന്ത്രണങ്ങളും തിരിച്ചടിയാവുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചത്. ഉയർന്ന മൂല്യമുള്ള രണ്ട് കറൻസി റദ്ദാക്കിയപ്പോൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളിൽ എൺപത്തിയാറ് ശതമാനത്തോളം അസാധുവായി മാറി. ഇന്ത്യയിലെ ബാങ്ക് ശാഖകൾക്കും എ.ടി.എമ്മുകൾക്കും മുമ്പിൽ ജനങ്ങൾ നോട്ടിനായി ക്യൂ നിന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും പ്രതിസന്ധി തീർന്നതുമില്ല.
ഇന്ത്യയുടെ അനുഭവത്തിൽ നിന്ന് മറ്റു രാജ്യങ്ങൾക്കും പഠിക്കാൻ ഏറെയുണ്ട്.
സാമ്പത്തിക നയങ്ങൾ തീരുമാനിക്കുമ്പോൾ വിദഗ്ദ്ധരെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. ഏത് സാമ്പത്തിക നയ മാറ്റത്തിനും നേതൃത്വം നൽകേണ്ടത് സാമ്പത്തിക, വ്യാപാര, സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധരാണ്. തീരുമാനം എടുക്കുന്നതിനു മുമ്പ് കൃത്യമായി ഗൃഹപാഠം ചെയ്യണം. ഒരു നയം നടപ്പിലാക്കുമ്പോൾ അടിസ്ഥാന വിവരങ്ങൾ അവഗണിക്കരുത്. പ്രാബല്യത്തിലുള്ള 86 ശതമാനം നോട്ടുകൾ അസാധുവാക്കുമ്പോൾ അത് 90 ശതമാനം പാവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കള്ളപ്പണമെന്നത് പുതിയ കാര്യമല്ല. സമാന്തര സമ്പദ്ഘടന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എന്നും വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് ധീരമായ ഇടപെടലുകൾ അപൂർവ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തി സമാഹരിക്കുന്നതാണ് കള്ളപ്പണം. കോടികളുടെ കള്ളപ്പണം വിദേശത്തുണ്ടെന്നും അത് തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയതാണ് ബി.ജെ.പി സർക്കാർ. ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായ വേളയിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾക്കായിരുന്നു പ്രസക്തി. റഷ്യൻ ചേരിയിൽ ഉറച്ചു നിന്ന ഇന്ത്യയെ നയിച്ച ഇന്ദിരാഗാന്ധിയും സാമൂഹ്യ സമത്വത്തിനായി പ്രയത്‌നിച്ചു. ആദ്യ പഞ്ചവത്സര പദ്ധതികളിൽ ദാരിദ്ര്യം ഉച്ചാടനം ചെയ്യാനുള്ള പദ്ധതികൾക്ക് രാജ്യം നൽകിയ പ്രത്യേക പരിഗണനയിൽനിന്ന് ഇത് വ്യക്തമാണ്. സമ്പന്നരുടെ താൽപര്യത്തിന് ഊന്നൽ നൽകിയിരുന്ന ഇന്ത്യയിലെ ബാങ്കുകൾക്ക് മൂക്കുകയറിട്ടത് ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ്. പ്രധാന നഗരങ്ങളിൽ മാത്രം പ്രവർത്തിക്കാനായിരുന്നു അവർക്ക് താൽപര്യം. ഈ നിലപാട് മാറ്റിയെടുത്തതിന് കാരണം കേന്ദ്ര സർക്കാരിന്റെ ബാങ്ക് ദേശസാൽക്കരണ നയമാണ്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ദിരയാണ് എല്ലാ എതിർപ്പുകളും അതിജീവിച്ച് ബാങ്ക് ദേശസാൽക്കരണം യാഥാർഥ്യമാക്കിയത്. കുത്തക വ്യവസായികൾക്ക് മാത്രം ലഭ്യമായിരുന്ന ബാങ്ക് വായ്പ ഗ്രാമീണ മേഖലയിലെ ആവശ്യക്കാർക്ക് പോലും ലഭിക്കുമെന്നായി. ഇടതുപക്ഷ ആഭിമുഖ്യമുള്ള സാമ്പത്തിക നയങ്ങളായിരുന്നു ഇന്ദിരയുടേത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലേറിയ മൊറാർജി ദേശായി സർക്കാരിന്റെ കാഴ്ചപ്പാട് വലതുപക്ഷ താൽപര്യങ്ങളുടേതാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും ഈ കാലയളവിലാണ് ഇന്ത്യയിൽ ആദ്യമായി കറൻസി റദ്ദാക്കൽ പരിഷ്‌കരണം നടപ്പാക്കുന്നത്. പതിനായിരത്തിന്റേയും അയ്യായിരത്തിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ് അന്ന് മൊറാർജി സർക്കാർ പിൻവലിച്ചത്. ശീതയുദ്ധത്തിന്റെ കാലം കഴിഞ്ഞ് ഇന്ത്യയിൽ പി.വി നരസിംഹറാവു സർക്കാർ അധികാരത്തിലേറിയ 90 കളിലാണ് രാജ്യം സാമ്പത്തിക രംഗത്തെ വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി റാവുവിന്റെ നേതൃത്വത്തിൽ കാൽ നൂറ്റാണ്ട് മുമ്പ് അന്നത്തെ ധനമന്ത്രിയും ലോകം ആദരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗ് പിന്നണിയിലും പ്രവർത്തിച്ച കാലത്താണ് ഇന്ത്യ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറിയത്. അപ്പോഴേക്കും ലോകക്രമത്തിൽ സോഷ്യലിസ്റ്റ് ചേരി ഏതാണ്ട് അസ്തമിച്ചിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ വികസനമെന്നത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സാമ്പത്തിക ഉദാരവൽക്കരണ പ്രക്രിയയുടെ ഫലമായി ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ തലയെടുപ്പുള്ള ശക്തിയായി മാറി. കോൺഗ്രസിന്റേതിന് തുല്യമായ സാമ്പത്തിക നയങ്ങളുമായി ബി.ജെ.പി സർക്കാരുകളും അധികാരത്തിലേറി. അതിസമ്പന്നരായ വ്യവസായികളുടെ താൽപര്യ സംരക്ഷണത്തിൽ ഇരു സർക്കാരുകളും തമ്മിൽ പ്രത്യക്ഷത്തിൽ വ്യത്യാസമില്ലതാനും. മോഡി സർക്കാരിന്റെ നോട്ട് റദ്ദാക്കൽ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച നിരവധി പ്രമുഖരുണ്ട്. അന്ന് രാത്രി തന്നെ ഇത് ശുദ്ധ മണ്ടത്തരമാണെന്ന് കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടിരുന്നു. വിവരമറിഞ്ഞ് രാഹുൽ ഗാന്ധി ഫോൺ ചെയ്തപ്പോൾ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഏറെ നേരം നിശ്ശബ്ദനായിരുന്നുവെന്ന കഥയും പിൽക്കാലത്ത് പ്രചരിക്കുകയുണ്ടായി. മൻമോഹൻ സിംഗ് ഭരിച്ച കാലത്ത് സാമ്പത്തിക ശാസ്ത്രത്തിൽ വൈദഗ്ധ്യമുള്ള പ്രമുഖരുടെ ഒരു നിര ഒപ്പമുണ്ടായിരുന്നു. മോഡി സർക്കാരിന്റെ ഏറ്റവും വലിയ ന്യൂനതയും ഇത് തന്നെ.
വീണ്ടുവിചാരവുമില്ലാത്ത നടപടിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് ധനകാര്യ വിദഗ്ധനും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ് വാർഷിക വേളയിലും ആവർത്തിക്കുന്നു. നോട്ട് നിരോധനമെന്നത് സംഘടിത കൊള്ളയും നിയമ വിധേയമായ പിടിച്ചുപറിയുമാണ്. നവംബർ എട്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യൻ ജനാധിപത്യത്തിനും കറുത്ത ദിനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
86 ശതമാനം കറൻസിയും പിൻവലിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറൊരിടത്തും നടപ്പാക്കിയിട്ടില്ല. ഈ നടപടിയിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷ്യം പോലും നേടാനായില്ല. പണരഹിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ നോട്ട് നിരോധനം ഒട്ടും ഫലപ്രദമല്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ദുരന്തങ്ങളാണ്. ഇവ രണ്ടും ചെറുകിട സംരംഭങ്ങളുടെ നട്ടെല്ലൊടിച്ചുവെന്നും മൻമോഹൻ വിലയിരുത്തുകയുണ്ടായി.
നോട്ടു നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം ഇല്ലാതാക്കുകയാണെന്ന വാദം പരാജയപ്പെട്ടപ്പോൾ നോട്ടു നിരോധനം ഇന്ത്യയെ നോട്ട് രഹിത സാമ്പത്തിക സമൂഹമാക്കുമെന്ന് മോഡി സർക്കാർ പറഞ്ഞിരുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം ഡിജിറ്റൽ പണമിടപാട് ആദ്യം ഉയർന്നെങ്കിലും ഇപ്പോൾ അത് താഴ്ന്ന നിലയിലാണുള്ളത്. നോട്ട് നിരോധനത്തിന് ശേഷം മാസം തോറും ഡിജിറ്റൽ പണമിടപാടിന്റെ തോത് കുറഞ്ഞു വരികയായിരുന്നു. ഇത് യാഥാർഥ്യം. എന്നാൽ ധനമന്ത്രി ഇപ്പോഴും പ്രതീക്ഷയിലാണ്.
നോട്ടു നിരോധനത്തോടെ രാജ്യത്ത് സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിച്ചുവെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ അവകാശ വാദം. രാജ്യത്തേക്കൊഴുകിയ വ്യാജ നോട്ടുകളുടെയും കള്ളപ്പണത്തിന്റെയും അളവു കുറയ്ക്കാനും നോട്ടു നിരോധനത്താൽ കഴിഞ്ഞുവെന്ന് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കുകയുണ്ടായി. ഉലഹ നായകൻ കമൽഹാസൻ രണ്ടാഴ്ച മുമ്പ് ഒരു കാര്യം പറഞ്ഞു. നോട്ട് റദ്ദാക്കൽ ഒരു അബദ്ധമായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുകയെങ്കിലും ചെയ്തുകൂടേ എന്നായിരുന്നു കമലിന്റെ ചോദ്യം.