ന്യൂദല്‍ഹി- ദല്‍ഹിയിലെ ശഹീന്‍ബാഗില്‍ പൗരത്വ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ വെടിവച്ച കപില്‍ ഗുജ്ജാര്‍ ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. കപിലിന്റെ പശ്ചാത്തലം അറിയില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപിയിലെ ഗാസിയാബാദ് ബിജെപി യൂണിറ്റ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. 'ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന സംഘത്തില്‍ ഒരാളായിരുന്നു കപില്‍ ഗുജ്ജാര്‍. ശഹീന്‍ബാഗിലെ സംഭവത്തില്‍ അദ്ദേഹത്തിന് പങ്കുള്ളതായി അറിഞ്ഞിരുന്നില്ല. ഇതു തിരിച്ചറിഞ്ഞതോടെ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കി,' ബിജെപി ഗാസിയാബാദ് അധ്യക്ഷന്‍ സഞ്ജീവ് ശര്‍മ പ്രസ്താവനയില്‍ അറിയിച്ചു.
വംശീയ വിവേചനത്തിന് നിലമൊരുക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയിലെ ശഹീന്‍ബാഗില്‍ നടന്ന സമാധാനപരമായ സമരത്തിനിടെ ഫെബ്രുവരിയിലാണ് കപില്‍ ഗുജ്ജാര്‍ എന്ന കപില്‍ ബൈസല വെടിവച്ചത്. ഉടന്‍ പോലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചായിരുന്നു കപിലിന്റെ പ്രകടനം. ഈ രാജ്യം ഹിന്ദുക്കള്‍ ഭരിക്കുമെന്നും മറ്റാരേയും അനുവദിക്കില്ലെന്നും പോലീസ് പിടികൂടുന്നതിനിടെ കപില്‍ ആക്രോശിക്കുകയും ചെയ്തിരുന്നു.