കൊച്ചി- സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു ജാമ്യമില്ല. എറണാകുളം എ.സി.ജെ.എം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വപ്നക്കൊപ്പം ശിവശങ്കർ നിരവധി തവണ വിദേശ യാത്രകൾ നടത്തിയെന്നും ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗൂഢലക്ഷ്യങ്ങൾ പുറത്തു വരാനുണ്ടെന്നും കസ്റ്റംസ് വാദിച്ചു. സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. സ്വപ്നയ്ക്കൊപ്പം ഏഴു പ്രാവശ്യം ശിവശങ്കർ വിദേശത്തേക്ക് പോയെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.ഏഴു പ്രാവശ്യവും ഒരു രാജ്യത്തേക്ക് മാത്രം എന്തിനാണ് പോയതെന്നും കസ്റ്റംസ് ചോദിച്ചു.2015 മുതൽ രോഗ ബാധിതനാണെന്ന രേഖയാണ് ശിവശങ്കർ ഹാജരാക്കിയത് രോഗബാധിതനാണെങ്കിൽ എങ്ങനെ ഇത്രയും വിദേശയാത്ര നടത്തി.രോഗിയാണെന്നത് ജാമ്യം നേടാനായി പറയുന്നതാണ്.ഇവരുടെയാത്രകൾക്ക് പിന്നിൽ ഗൂഢലക്ഷ്യം ഉണ്ട്.ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഇത് എന്തിന് ചെയ്തുവെന്നും കസ്റ്റംസ് ചോദിച്ചു.ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തെ പോലും സ്വർണ്ണക്കടത്ത് ബാധിച്ചു.കേസിലെ ഇപ്പോഴത്തെ പ്രതികളുമായിസൗഹൃദമുള്ള ആളാണ് ശിവശങ്കറെന്നും കസ്റ്റംസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യും.വിദേശത്തേക്ക് ഡോളർ കടത്തിയതിലും ശിവശങ്കറിന് പങ്കുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.അതേ സമയം എന്ത് കുറ്റമാണ് ചെയ്തതെന്ന് കസ്റ്റംസ് പറയുന്നില്ലെന്ന് ശിവശങ്കറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.മറ്റുള്ളവർ ചെയ്ത കുറ്റങ്ങൾ മാത്രമാണ് പറയുന്നത്.മറ്റ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിർ മാത്രമാണ് കസ്റ്റംസ് ശിവശങ്കറിനെ പ്രതിയാക്കിയതെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു.