റിയാദ് - 2027 ലെ ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കാൻ സൗദി അറേബ്യക്ക് അവസരം ലഭിക്കുന്ന പക്ഷം സമാനതയില്ലാത്ത ഫുട്‌ബോൾ അനുഭവം സമ്മാനിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ 2027 ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ മുന്നോട്ടുവെച്ച ഫയൽ (ബിഡ് ബുക്ക്) വിശകലനം ചെയ്യാൻ എ.എഫ്.സി ടീമിനെ സന്തോഷത്തോടെ ക്ഷണിക്കുകയാണ്. ഈ വലിയ പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ കാഴ്ചപ്പാട് ഫയൽ വ്യക്തമാക്കുന്നു.
സൗദി അറേബ്യയും ഫുട്‌ബോളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏഷ്യൻ ഭൂഖണ്ഡത്തിൽ വിജയങ്ങളും ടൂർണമെന്റുകളും നിറഞ്ഞ ചരിത്രമാണ് സൗദി അറേബ്യയുടെത്. ഏഷ്യൻ കപ്പിന്റെ അഭൂതപൂർവമായ പതിപ്പ് ഏഷ്യൻ വൻകരക്ക് സൗദി അറേബ്യ സമ്മാനിക്കും. 2027 എ.എഫ്.സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ഏഷ്യയിൽ ഈ ഗെയിമിന്റെ ദശലക്ഷക്കണക്കിന് ആരാധകർക്ക് അഭൂതപൂർവമായ ഫുട്‌ബോൾ അനുഭവം സമ്മാനിക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നു.
ഈ കായികവിനോദ മേഖലയുടെ തുടർച്ചയായ വളർച്ചക്ക് ഒരു ഉത്തേജകമായി ഫുട്‌ബോളിനോടുള്ള സൗദി അറേബ്യയുടെ വലിയ അഭിനിവേശം ഉപയോഗിക്കാനും ഏഷ്യൻ ഫുട്‌ബോളിലെ പങ്കാളികളുടെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വിലയേറിയ ടൂർണമെന്റിനെ സ്വാഗതം ചെയ്യാൻ സൗദി ഭരണാധികാരികൾ നൽകുന്ന പരിധിയില്ലാത്ത പിന്തുണയുടെ വ്യക്തമായ സന്ദേശമാണിതെന്നും സൽമാൻ രാജാവ് പറഞ്ഞു.