ലണ്ടന്‍- ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആഗോള മരുന്നു കമ്പനിയായ ആസ്ട്ര സെനകയും സംയുക്തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗത്തിന് ബ്രിട്ടന്‍ അനുമതി നല്‍കി. ഈ വാക്‌സിന് ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്‍. നേരത്തെ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഫൈസര്‍ വാക്‌സിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും വേഗത്തില്‍ സ്റ്റോര്‍ ചെയ്യാവുന്നതുമാണ് ഓക്‌സ്ഫഡ് വാക്‌സിന്‍.
ഇന്ത്യയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ഏക വാക്‌സിനാണിത്. ഇതിനു അനുമതി നല്‍കുന്നതിനുള്ള അപേക്ഷ ഇന്ന് പരിഗണിക്കുന്നതായും റിപോര്‍ട്ടുണ്ട്. ഉടന്‍ അനുമതി ലഭിച്ചേക്കും. ലഭിച്ചാല്‍ ഇന്ത്യയില്‍ ആദ്യമായി അനുമതി ലഭിക്കുന്ന കോവിഡ് വാക്‌സിന്‍ ആകുമിത്. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഓക്‌സ്ഫഡ്-ആസ്ട്ര സെനക വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.
സാധാരണ റെഫ്രിജറേറ്റര്‍ താപനിലയില്‍ സൂക്ഷിക്കാം എന്ന സവിശേഷതയാണ് ഈ വാക്‌സിനെ ആകര്‍ഷകമാക്കുന്നത്. ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ മൈനസ് 70 ഡിഗ്രിയും മൊഡേണ വാക്‌സിന് മൈനസ് 20 ഡിഗ്രി സെല്‍ഷ്യസുമാണ് വേണ്ടത്. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓക്‌സഫഡ് വാക്‌സിന്‍ വലിയ വാക്‌സിന്‍ കുത്തിവെപ്പു പദ്ധതികള്‍ക്ക് വേഗത്തില്‍ ഉപയോഗിക്കാം.
പുതിയ ഭീഷണിയായി ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ഓക്‌സ്ഫഡ് വാക്‌സിന് ശേഷിയുണ്ടെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.