തിരുവനന്തപുരം- സോളാർ റിപ്പോർട്ടിൽ സർക്കാർ നോമിനികളായ അഡ്വക്കറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയതെന്നും നിയമവകുപ്പിനെ പോലും സമീപിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോളാർ റിപ്പോർട്ട് സംബന്ധിച്ച് മുഖ്യമന്ത്രി ആദ്യം പത്രസമ്മേളനം നടത്തിയപ്പോൾ പറഞ്ഞത് ക്രിമിനൽ കേസെടുക്കുമെന്നായിരുന്നു. എന്നാൽ ഇതേവരെ കേസെടുക്കാൻ തയ്യാറായില്ല. അരിജിത് പസായത്തിനോടും നിയമോപദേശം തേടി. അതിലും കേസെടുക്കാമെന്ന ഉപദേശം ലഭിച്ചിട്ടില്ല. അരിജിത് പസായത്തിന്റെ നിയമോപദേശം പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സോളാർ കേസ് ഉപയോഗിച്ച് കോൺഗ്രസിനെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് കേരളത്തിൽ ചെലവാകില്ല. രണ്ടു തവണ മുഖ്യമന്ത്രിയും രണ്ടു തവണ പ്രതിപക്ഷ നേതാവും അൻപത് വർഷത്തെ നിയമസഭ പാരമ്പര്യവുമുള്ള ഉമ്മൻ ചാണ്ടിയെ പോലെയുള്ള ഒരു നേതാവിനെ അപമാനിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇത്തരം നേതാക്കളെ പൊതുസമൂഹത്തിനും കുടുംബത്തിനും മുന്നിൽ അപമാനിക്കാനുള്ള നീക്കം അംഗീകരിക്കില്ല. 33 കേസുകളിൽ പ്രതിയായ ഒരാളുടെ വാക്ക് വിശ്വസിച്ച് കേസെടുത്താൽ അത് കോടതി വരാന്തയിൽ വെച്ച് തന്നെ തള്ളപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.