ജബല്‍പൂര്‍, മധ്യപ്രദേശ്-മിശ്ര വിവാഹം നടത്താന്‍ ശ്രമിച്ച യുവാവിനും യുവതിക്കും നേരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം. . ഇരുപതുകാരനായ യുവാവും 18 വയസ്സുള്ള സ്ത്രീയും വിവാഹ രജിസ്‌ട്രേഷന് അപേക്ഷ നല്‍കാന്‍ ജബല്‍പൂരില്‍ കലക്ടര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. ഹിന്ദു ധര്‍മസേനയിലെ പുരുഷ അംഗങ്ങളും സനാതന്‍ വാഹിനിയിലെ വനിതാ അംഗങ്ങളുമാണ് ആക്രമണം നടത്തിയത്. താന്‍ വിവാഹിതയാണെന്നാണ് കലക്ടറുടെ ഓഫീസിന് പുറത്ത് മാധ്യമങ്ങളെ കണ്ട പെണ്‍കുട്ടി പറഞ്ഞത്. വിവാഹത്തെ കുറിച്ച് കുടുംബത്തിന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിടിച്ച് ആള്‍ക്കൂട്ടം പോലീസിന് കൈമാറി. യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് ഇയാളെ കസ്റ്റഡയിലെടുത്തതെന്ന് ഒംതി പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ശിവപ്രതാപ് സിംഗ് ബാഗെല്‍ പറഞ്ഞു. കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തങ്ങള്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജബല്‍പൂര്‍ പോലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് ബാഹുഗുനയും പറഞ്ഞു. നിയമപരമായ എന്ത് നടപടികളും തങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ലവ് ജിഹാദിനും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹിന്ദു ധര്‍മ്മസേന മേധാവി യോഗേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.