Sorry, you need to enable JavaScript to visit this website.

ആടിനെ വളര്‍ത്തി എം.എക്ക് പഠിക്കുന്ന രാധിക മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റാകും

മലമ്പുഴ- മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷയായി സി.പി.എം കണ്ടെത്തിയ 23 വയസ്സുകാരി രാധിക മാധവന്‍ ജീവിത പ്രാരബ്ധങ്ങളുടെ ഇടയില്‍നിന്നാണ് ജനസേവനത്തിനിറങ്ങുന്നത്. എം.എ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ രാധിക കൂലിപ്പണിക്കാരനായ മാധവന്റെയും ശാന്തയുടെയും മകളാണ്. മലമ്പുഴ അണക്കെട്ടിനടുത്ത് എലവുത്താന്‍ പാറ ആദിവാസി കോളനിയില്‍ പട്ടയമോ ശുചിമുറിയോ ഇല്ലാത്ത ഒറ്റമുറി വീട്ടില്‍ താമസം. ആടിനെ വളര്‍ത്തിയാണു പഠനച്ചെലവു കണ്ടെത്തുന്നത്.

പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ താമസക്കാരിയായ രാധിക ജനറല്‍ വാര്‍ഡായ 10 മന്തക്കാട് നോര്‍ത്ത് ജനറല്‍ വാര്‍ഡില്‍ നിന്നു സി.പി.എം സ്ഥാനാര്‍ഥിയായാണു വിജയിച്ചത്.
പഞ്ചായത്തിലെ തിരക്കുകള്‍ക്കിടയിലും വിദൂരവിദ്യാഭ്യാസ പ്രോഗ്രാം വഴിയുള്ള എം.എ പഠനം തുടരും. പത്രപ്രവര്‍ത്തകയാകണമെന്നാണു ആഗ്രഹം. കോളനിയില്‍ നിന്നുള്ള ആദ്യ ബിരുദധാരിയാണു രാധിക. വീട്ടില്‍ വൈദ്യുതി എത്തിയത് ഈയിടെയാണ്. കോളനിയിലെ കുട്ടികള്‍ക്കു സൗജന്യ ട്യൂഷനെടുക്കുന്നുണ്ട്.

13 സീറ്റുള്ള മലമ്പുഴ പഞ്ചായത്തില്‍ എല്‍.ഡി.എഫ് 6, ബി.ജെ.പി 5, കോണ്‍ഗ്രസ് 2 എന്നിങ്ങനെയാണു കക്ഷിനില.

 

Latest News