ന്യൂദല്‍ഹി- മത പരിവര്‍ത്തനത്തിനെതിരെ വിവാദ നിയമം കൊണ്ടു വന്നതിലൂടെ ഉത്തര്‍ പ്രദേശിനെ വിദ്വേഷ രാഷ്ട്രീയത്തിന്റേയും ഭിന്നതയുടേയും മതഭ്രാന്തിന്റേയും പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പരമോന്നത പദവികള്‍ വഹിച്ച 104 മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരാണ് മതംമാറ്റം തടയല്‍ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. അധികാരമേല്‍ക്കുമ്പോള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭരണഘടന സ്വയം വീണ്ടും പഠിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ഉള്ള എല്ലാ രാഷ്ട്രീയക്കാരും തയാറാകണമെന്നും നിയമവിരുദ്ധമായ നിയമം ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഗംഗ-യമുനാ സംസ്‌ക്കാരത്തിന്റെ പേരില്‍ ഒരുകാലത്ത് അറിയപ്പെട്ടിരുന്നു ഉത്തര്‍ പ്രദേശ് ഇപ്പോള്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെയും ഭിന്നിപ്പിന്റേയും മതഭ്രാന്തിന്റേയും പ്രഭവ കേന്ദ്രമായി മാറിയിരിക്കുന്നു. ഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വര്‍ഗീയ വിഷത്തില്‍ മുങ്ങിയിരിക്കുകയാണ്. യുപിയിലുടനീളം യുവ ഇന്ത്യക്കാര്‍ക്കെതിരെ ഹീനമായ ക്രൂരതകളുടെ പരമ്പരയാണ് നടന്നിട്ടുള്ളത്. ഒരു സ്വതന്ത്ര രാജ്യത്ത് സ്വതന്ത്ര പൗരന്മാരായി ജീവിക്കാന്‍ ആഗ്രഹിച്ച ഇന്ത്യക്കാരോടാണിത് ചെയ്തത്- കത്തില്‍ മുഖ്യമന്ത്രിയോട് ഉദ്യോഗസ്ഥര്‍ പറയുന്നു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നിരപരാധികളായ രണ്ടു മുസ്‌ലിം യുവാക്കളെ പിടികൂടി മര്‍ദിക്കുകയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലെത്തിക്കുകയും ഇവരില്‍ ഒരാള്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹത്തിന് നിര്‍ബന്ധിച്ചു എന്ന കുറ്റം ചുമത്തി രണ്ടു പേരേയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം കത്തില്‍ ചൂണ്ടിക്കാട്ടി. യുവാവിനേയും യുവതിയേയും അക്രമി സംഘം ചോദ്യം ചെയ്യുകയും മര്‍ദിക്കുക്കുകയും ചെയ്തപ്പോള്‍ പോലീസ് നിശബ്ദരായി നോക്കി നിന്നത് മാപ്പില്ലാത്ത തെറ്റാണ്. ഈ അക്രമം കാരണമാകാം യുവതിയുടെ ഗര്‍ഭം അലസിപ്പോയതെന്നും കത്തില്‍ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്നവരും പ്രായപൂര്‍ത്തിയായവരുമായി സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള അവകാശങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതും മിശ്രവിവാഹിതരായ ദമ്പതികളെ വീണ്ടും ഒന്നിപ്പിച്ചതും കത്തില്‍ പരാമര്‍ശിച്ചു. ഒരാളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണെന്ന് വിവിധ ഹൈക്കോടതികള്‍ ഉത്തരവിട്ടതാണ്. ഈ ഭരണഘടനയേ യുപി സര്‍ക്കാര്‍ ഒരു കൂസലുമില്ലാതെ അട്ടിമറിക്കുകയാണെന്നും കത്തില്‍ ആരോപിച്ചു.