മദീന- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഇന്നലെ രാത്രിയോടെ പ്രവാചക നഗരിയിലെത്തി. പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് എയർപോർട്ടിൽ ഇറങ്ങിയ രാജാവിനെ മദീന ഗവർ ണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
അധികാരമേറ്റ ശേഷം രാജാവ് നടത്തുന്ന മൂന്നാമത്തെ മദീന സന്ദർശനമാണിത്. മദീനയിൽ ഏതാനും വികസന പദ്ധതികൾ രാജാവ് ഉദ്ഘാടനം ചെയ്യും. രാജാവിനെ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിലും ചത്വരങ്ങളിലും ഹരിത പതാകളും സൽമാൻ രാജാവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബിൽബോർഡുകളും ഉയർന്നു.
അധികാരമേറ്റ ശേഷം 2015 ജനുവരിയിലാണ് സൽമാൻ രാജാവ് ആദ്യമായി മദീന സന്ദർശിച്ചത്. അന്ന് നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും നഗരവാസികൾ ഒരുക്കിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുകയും പ്രിൻസ് നായിഫ് സുന്നത്ത് അവാർഡുകൾ വിതരണം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് രണ്ടാമത്തെ സന്ദർശനം നടത്തിയത്. അന്ന് 500 കോടി റിയാലിന്റെ വികസന പദ്ധതികൾ രാജാവ് മദീനയിൽ ഉദ്ഘാടനം ചെയ്തിരുന്നു.