ആഗോള തലത്തിൽ ടൂറിസം മേഖല കടുത്ത വെല്ലുവിളി നേരിട്ട വർഷമാണ് കടന്നു പോകുന്നത്. മിക്ക രാജ്യങ്ങൾക്കും കനത്ത തിരിച്ചടി നേരിട്ടു. ആഭ്യന്തര ടൂറിസം മെല്ലെ തിരിച്ചുവരവ് നടത്തുന്നതാണ് ആകെ പ്രതീക്ഷയ്ക്ക് വക നൽകുന്നത്. മലയാളികൾക്ക് സുപരിചിതമാണ് വിയറ്റ്‌നാം എന്ന പേര്. തെന്നിന്ത്യൻ ചലച്ചിത്ര വേദിയിൽ വിയറ്റ്‌നാം വീട് എന്ന പേരിൽ സിനിമ പോലും വന്നിട്ടുണ്ട്. സുദീർഘമായ ഇറാൻ-ഇറാഖ് യുദ്ധം പോലെ ഏറെ നീണ്ടുനിന്നതായിരുന്നു വിയറ്റ്‌നാം യുദ്ധവും.
ഉത്തര വിയറ്റ്‌നാം, ദക്ഷിണ വിയറ്റ്‌നാം എന്നിവർ ആഭ്യന്തരമായി തമ്മിൽ നടന്ന യുദ്ധമാണ് ഒരു കാലത്തെ വിയറ്റ്‌നാമിനെ അടയാളപ്പെടുത്തിയിരുന്നത്. ഒരു ഭാഗത്തു കമ്യൂണിസവും മറുഭാഗത്തു അമേരിക്കയുടെ ഫ്യൂഡൽ സ്വഭാവവും തമ്മിലുണ്ടായ കലഹങ്ങൾക്കൊടുവിൽ കമ്യൂണിസ്റ്റ് വിയറ്റ്‌നാം പിടിച്ചെടുക്കുകയും ഒടുവിൽ രാജ്യം ഏകീകരിക്കപ്പെടുകയും ചെയ്തു. വർഷങ്ങൾക്കു മുമ്പ് അത്രയും ആളുകളുടെ രക്തമൊഴുകിയ രാജ്യമാണിതെന്നു ഇപ്പോൾ വിയറ്റ്‌നാം കണ്ടാൽ പറയില്ല. പഴയ ഓർമകളെ രാജ്യം തുടച്ചു നീക്കിയിരുന്നു. നീണ്ട യുദ്ധങ്ങളുടെ, രക്തച്ചൊരിച്ചിലുകളുടെ അവസാനം ഒരു രാജ്യം വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ കേന്ദ്രങ്ങളിൽ ഒന്നാവുക അത്രയെളുപ്പമാണോ? യുദ്ധം നേരിട്ടിട്ടില്ലാത്ത രാജ്യങ്ങൾ കുറവാണ്, പക്ഷേ വിയറ്റ്‌നാം പോലെയൊരു രാജ്യത്തെ ആഭ്യന്തര യുദ്ധം വരുത്തിവെച്ച നഷ്ടങ്ങൾ ഒട്ടും ചെറുതായിരുന്നില്ല. അതിന്റെ ഒടുവിലാണ് ഇപ്പോൾ വിയറ്റ്‌നാം ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുന്നതും. പ്രകൃതി ഭംഗി കൊണ്ട് മനോഹരമാണ് ഇവിടം. അതു തന്നെയാണ് ഇങ്ങോട്ടേക്കായി വരുന്ന സഞ്ചാരികളെ ആകർഷിക്കുന്നതും. മനോഹരമായ മലകളും പച്ചപ്പും കടലും ഗ്രാമങ്ങളും വിയറ്റ്‌നാമിലെ ആകർഷണീയതയിലുണ്ട്. ഒറ്റ നോട്ടത്തിൽ താമരശ്ശേരി ചുരം കയറി ചുണ്ടേലിലെത്തിയാൽ കാണുന്ന ടീ എസ്റ്റേറ്റ് പോലുള്ള മലകൾ വരെ വിയറ്റ്‌നാമിലുണ്ട്.
കോവിഡ് വില്ലനായെത്തിയതാണ് വിവിധ രാജ്യങ്ങളിലെ ടൂറിസം രംഗത്തിന് ക്ഷീണമായത്. 2019 നെ അപേക്ഷിച്ച് വിയറ്റ്‌നാമിനും 2020 നഷ്ടക്കണക്കുകളുടെ വർഷമാണ്. കഴിഞ്ഞ വർഷം 18 ദശലക്ഷം സഞ്ചാരികളെത്തിയതിലൂടെ രാജ്യം നേടിയത് 30.8 ബില്യൺ ഡോളർ. എന്നാൽ 2020 ൽ പ്രതീക്ഷിച്ചത് 35 ബില്യൺ ഡോളർ. നേടിയത് 12 ബില്യൺ ഡോളർ മാത്രം. നഷ്ടം 23 ബില്യൺ ഡോളർ. 2030 ആകുമ്പോഴേക്ക് 130 ബില്യൺ യു.എസ് ഡോളർ ടൂറിസം രംഗം നേടിത്തരുമെന്നാണ് വിയറ്റ്‌നാം അധികൃതർ കണക്കുകൂട്ടുന്നത്. അമേരിക്കയിൽ നിന്നുള്ള സഞ്ചാരികളെയാണ് കൂടുതലായി പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് ചൈനയിൽ നിന്ന്. രണ്ടാം സ്ഥാനത്ത് മുതലാളിത്ത കൊറിയ ആയ ദക്ഷിണ കൊറിയയിൽ നിന്ന്. യൂറോപ്പും അമേരിക്കയും അത് കഴിഞ്ഞേ വരുന്നുള്ളൂ. കൊറോണ വ്യാപിച്ചതോടെ ചൈനയിൽ നിന്നുള്ള ഫ്‌ളൈറ്റുകൾ വിലക്കിയതാണ് പ്രശ്‌നമായത്. കടുത്ത നിയന്ത്രണങ്ങളിലൂടെ കോവിഡിനെ പിടിച്ചുകെട്ടാനായത് രാജ്യത്തിന് നേട്ടമായി. 1413 പേരാണ് രോഗബാധിതർ. 35 രോഗികൾ മാത്രമാണ് മരിച്ചത്. ടൂറിസം സ്‌പോട്ടുകൾ വീണ്ടുമുണർന്നത് വിയറ്റ്‌നാമിന് പ്രതീക്ഷയ്ക്ക് വക നൽകുന്നു.
യുദ്ധത്തിന്റെ ഓർമകളെ തൊട്ടുണർത്തുന്ന ഹോചിമിൻ യുദ്ധ സ്മാരകം തന്നെയാണ് വിയറ്റ്‌നാമിലെത്തിയാൽ ആദ്യം കാണേണ്ട കാഴ്ചകളിലൊന്ന്.
കാരണം യുദ്ധത്തിന് ശേഷം തന്നെയാണ് വിയറ്റ്‌നാം ഇന്ന് കാണുന്ന അവസ്ഥകളിലേക്ക് എത്തിച്ചേർന്നത്. അതിന്റെ ഓർമകൾ നിലനിർത്താനെന്നവണ്ണം ആയിരങ്ങളാണ് എന്നും ഈ സ്മാരകത്തിന് മുന്നിൽ കണ്ണീരും പൂക്കളും അർപ്പിക്കുന്നത്. തകർന്നു തരിപ്പണമായ ഒരു നാടിനെ ഉയർച്ചയിലേക്ക് കൈ പിടിച്ചെഴുന്നേൽപിക്കുന്നതു പോലെയാണ് പുരോഗമന വാദിയായ ഹോചിമിനിന്റെ പ്രതിമ കാണപ്പെടുന്നത്. ഒരു പഴയ നഗരമാണ് ഹോയ് ആൻ. കനാലുകളാൽ കീറിമുറിക്കപ്പെട്ട പഴയ വിയറ്റ്‌നാമിലെ ഭംഗി ചോരാത്ത ഹോയ് ആൻ എപ്പോഴും പഴയകാല കാര്യങ്ങൾ രാജ്യത്തെ ഓർമിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ ഭംഗിയും ശിൽപകലാ വൈദഗ്ധ്യവും ഒന്നിച്ചു ആസ്വദിക്കാൻ കഴിയുന്ന ഇടവുമാണിത്. തടി കൊണ്ടുള്ള ചൈനീസ് ഷോപ്പുകളും നിറങ്ങളാൽ നിറഞ്ഞ ഫ്രഞ്ച് കോളനികളും ഈ നഗരത്തിലുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വാഹനങ്ങളുടെ പുക അത്രയ്‌ക്കൊന്നും ബാധിക്കാതെ എപ്പോഴും ഈ നഗരം വിശുദ്ധിയോടെ നിലകൊള്ളുന്നു, അതുകൊണ്ടു തന്നെ പ്രശാന്തത ഇഷ്ടപ്പെടുന്നവർ ഹോയ് ആൻ കാണാതെ പോകില്ല. ട്രക്കിംഗ് ആസ്വദിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന വിയറ്റ്‌നാമിലെ ഇടമാണിത്.
വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങളും താഴ്‌വരകളും നിറഞ്ഞ പ്രദേശം ഒന്നോർത്തു നോക്കൂ, എത്ര മനോഹരമായ ഇടമായിരിക്കും. മാത്രമല്ല, വിയറ്റ്‌നാമിലെ ഒന്നാന്തരം വിപണി സാധ്യതയുള്ള പ്രദേശവുമാണ് സപ. വിയറ്റ്‌നാമിലെ ഏറ്റവും പൊക്കമുള്ള മല നിരകളുള്ള പ്രദേശമാണിത്. അരിയും ചോളവുമാണ് സപയിലെ പ്രധാന വിളകൾ. ഏറ്റവും മികച്ച പത്തു ഏഷ്യൻ പാടങ്ങളിൽ ഒൻപതാം സ്ഥാനമാണ് ഇവിടുത്തെ അരിപ്പാടങ്ങൾക്കുള്ളത്. ടൂറിസം എന്നതു പോലെ വ്യവസായ രംഗവും മുന്നേറുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ മാർക്കറ്റുകളിലെ പ്രശസ്ത ഇലക്ട്രോണിക് ബ്രാന്റുകളിൽ പലതും നിർമിക്കുന്നത് ഈ കൊച്ചു രാജ്യത്താണ്.