ചെന്നൈ- രാഷ്ട്രീയത്തിലേക്ക് തൽക്കാലമില്ലെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വാക്കു പാലിക്കാനാകാത്തതിൽ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരും ദുഃഖിക്കാൻ ഇടവരരുതെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു. കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നതെന്നും രജനി വ്യക്തമാക്കി. ഈ മാസം 31 ന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ സൂചനയുണ്ടായിരുന്നത്.
2016ൽ യു.എസിൽ വച്ച് രജനി വൃക്ക മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കോവിഡ് പിടികൂടാനുള്ള സഹചര്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടാണ് തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം താരം നടത്തിയിരിക്കുന്നത്.