മോസ്‌കോ- രാഷ്ട്രീയ പ്രമുഖന്റെ അടുപ്പക്കാരിയായ നര്‍ത്തകിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. റഷ്യയിലെ പ്രമുഖ നര്‍ത്തകിമാരില്‍ ഒരാളായി അറിയപ്പെടുന്ന നതാലിയ പ്രോനിനയാണ് പട്ടാപ്പകല്‍ മുഖംമറച്ചെത്തിയ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ ഗുണ്ടകളാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റഷ്യന്‍ പാര്‍ലമെന്റ് അംഗവും രാജ്യത്തെ അതി സമ്പന്നനും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഒരു വ്യക്തിയുമായി 30കാരിയായ നതാലിയ പ്രോനിനയ്ക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. നര്‍ത്തകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാവിന്റെ ഭാര്യയും സംശയ നിഴലിലാണ്. രാഷ്ട്രീയ നേതാവിന്റെ ഭാര്യ നര്‍ത്തകിയായ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതിയുടെ കാമുകനെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കാമുകന്‍ അലക്‌സാണ്ടര്‍ ക്രാവ്‌ചെങ്കോ (33 വ്യക്തമാക്കി. വന്‍ തുക കടം വാങ്ങിയത് തിരിച്ചു നല്‍കാത്തതില്‍ നതാലിയ ഭീഷണി നേരിട്ടിരുന്നതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. 6000 പൗണ്ട് കടത്തിലായിരുന്നു നതാലിയ എന്നാണ് കാമുകന്റെ മൊഴി.