ജിദ്ദ- മുൻ സാമ്പത്തിക, ആസൂത്രണ മന്ത്രി എൻജിനീയർ ആദിൽ ഫഖീഹ് ഭീമമായ വേതനത്തിന് ബന്ധുക്കളെ ഉപദേഷ്ടാക്കളായി നിയമിച്ചതായി കണ്ടെത്തി. 50,000 റിയാലും 90,000 റിയാലും വേതനത്തിനാണ് ആദിൽ ഫഖീഹ് ബന്ധുക്കളെയും അടുപ്പക്കാരെയും അഡൈ്വസർമാരായി നിയമിച്ചത്. ജിദ്ദ മേയറായും തൊഴിൽ മന്ത്രിയായും ദീർഘകാലം സേവനമനുഷ്ഠിച്ച ആദിൽ ഫഖീഹിനെ ശനിയാഴ്ച രാത്രിയാണ് സാമ്പത്തിക, ആസൂത്രണ മന്ത്രി പദവിയിൽ നിന്ന് നീക്കം ചെയ്ത് അഴിമതി കേസിൽ അറസ്റ്റ് ചെയ്തത്.
മന്ത്രാലയത്തിൽ തന്റെ അടുപ്പക്കാരായ ചില മുതിർന്ന ഉദ്യോഗസ്ഥർക്കും സെക്ഷൻ മേധാവികൾക്കും ഒന്നര ലക്ഷം റിയാൽ വരെയാണ് മന്ത്രി വേതനം അനുവദിച്ചിരുന്നത്. അലവൻസുകളും ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങളും ഇതിനു പുറമെയായിരുന്നു. ചില സെക്രട്ടറിമാർക്ക് 30,000 റിയാൽ വരെ വേതനം നൽകിയിരുന്നു. കോടിക്കണക്കിന് റിയാലിന്റെ കരാറുകൾ ഒപ്പുവെച്ച കമ്പനികൾ വഴിയാണ് തന്റെ അടുപ്പക്കാർക്ക് മന്ത്രി ഉയർന്ന വേതനം ലഭ്യമാക്കിയിരുന്നത്. ട്വിറ്ററിൽ മന്ത്രാലയത്തിന്റെ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിന് മാധ്യമ സ്ഥാപനവുമായുണ്ടാക്കിയ കരാറിലും അഴിമതി കണ്ടെത്തിയിട്ടുണ്ട്.
ഏഴാഴ്ചക്കാലത്തേക്ക് ബോധവൽക്കരണ കാമ്പയിൻ നടത്തുന്നതിന് സ്വകാര്യ കമ്പനിക്ക് 10.3 ദശലക്ഷം റിയാലിന്റെ കരാർ നൽകിയതിലും മന്ത്രാലയ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിന് 89 ലക്ഷം റിയാലിന് കരാർ നൽകിയതിലും അഴിമതിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് റിയാലിന്റെ കരാറുകൾ നിയമ വിരുദ്ധമായി എൻജിനീയർ ആദിൽ ഫഖീഹ് അനുവദിച്ചിരുന്നു. ഏതാണ്ട് 138 കരാറുകളിൽ അഴിമതി നടന്നതായാണ് സംശയിക്കുന്നത്. ഇതിൽ 38 കരാറുകൾ പുതുതായി ചുമതലയേറ്റ മന്ത്രി റദ്ദാക്കിയിട്ടുണ്ട്. ജിദ്ദ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട കേസിലും ആദിൽ ഫഖീഹ് അന്വേഷണം നേരിട്ടിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല.