Sorry, you need to enable JavaScript to visit this website.

പഞ്ചാബില്‍ ജിയോക്കെതിരായ രോഷം അണയുന്നില്ല; ഇതുവരെ തകര്‍ത്തത് 1500 മൊബൈല്‍ ടവറുകള്‍

ചണ്ഡീഗഢ്- കര്‍ഷക സമരത്തോടൊപ്പം പഞ്ചാബില്‍ രൂക്ഷമായ റിലയന്‍സ് ജിയോക്കെതിരായ രോഷം അണയുന്നില്ല. സര്‍ക്കാര്‍ ആവര്‍ത്തിച്ച് താക്കീത് നല്‍കിയിട്ടും സംസ്ഥാനത്ത് പലയിടത്തായി ജിയോയുടെ മൊബൈല്‍ ടവറുകള്‍ക്കെതിരായ ആക്രമണം പതിവായിരിക്കുകയാണ്. ഇതുവരെ 1500 ടവറുകള്‍ നശിപ്പിക്കപ്പെട്ടു. ഇതോടെ ജിയോയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. പഞ്ചാബില്‍ 9000 ടെലികോം ടവറുകളാണ് ജിയോയ്ക്ക് ഉള്ളത്. ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയും ടവര്‍ നശിപ്പിച്ചും ജനറേറ്റല്‍ മോഷ്ടിച്ചുമാണ് സമരക്കാര്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത്. കര്‍ഷക നിയമങ്ങളുടെ മറവില്‍ ശക്തമായ ചൂഷണത്തിന് റിലയന്‍സ് ഒരുങ്ങുകയാണെന്നും ഈ നിയമങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് അനില്‍ അംബാനിയുടെ റിലയന്‍സ് ആണെന്നുമുള്ള വികാരം പഞ്ചാബില്‍ ശക്തമാണ്. 

ജിയോക്കെതിരായ അതിക്രമങ്ങള്‍ രൂക്ഷമായതോടെ തിങ്കളാഴ്ച മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വീണ്ടും ശക്തമായ താക്കീതുമായി രംഗത്തെത്തി. അതിക്രമം നടത്തന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞാല്‍ അത് വിദ്യാര്‍ത്ഥികളേയും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷനുകളേയും ബാധിക്കും. ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരാഴ്ചയായി കര്‍ഷക സമരക്കാരുടെ ആക്രമോത്സുകമായ രോഷം ജിയോക്കെതിരെ തിരിഞ്ഞിട്ട്. നിരവധി സ്ഥലങ്ങള്‍ കേബിളുകല്‍ മുറിച്ചു. ജലന്ദറില്‍ ജിയോ ഫൈബര്‍ കേബിളുകള്‍ തീയിട്ട് നശിപ്പിച്ചു. ജിയോ ജീവനക്കാരെ ഭീഷണിപ്പെടുത്തി ആട്ടിയോടിക്കുന്ന വിഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 

ഇതുവരെ പോലീസ് ആക്രമികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചു. അരാജകത്വം അനുവദിക്കില്ലെന്നും സ്വകാര്യ, പൊതു മുതല്‍ നശിപ്പിക്കുന്നത് കണ്ടുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. സമാധാനപരമായ സമരങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News