തലശ്ശേരി- ശ്രീലങ്കൻ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ കൈക്കലാക്കി വഞ്ചിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. കോയമ്പത്തൂർ എ.കെ രാജഗോപാൽ ലേ ഔട്ടിലെ നിർമ്മല ദുർഗ്ഗയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. ഇപ്പോൾ തലശ്ശേരി റസ്റ്റ് ഹൗസിന് സമീപത്തെ റുഖ്‌സാന ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നിർമ്മല ദുർഗ്ഗ കരിയാട് പള്ളിക്കുനിയിലെ കുഞ്ഞോറന്റവിട എ.കെ റനീഷിനും ബന്ധുക്കൾക്കുമെതിരെയാണ് ജില്ല പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഇതേത്തുടർന്നാണ് ജില്ലാ പോലീസ് ചീഫിന്റെ നിർദേശ പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തത്.
റനീഷ്, അമ്മ നളിനി, റനീഷിന്റെ സഹോദരി രമ്യ, രമ്യയുടെ ഭർത്താവ് ഭവീഷ് എന്നിവർക്കെതിരെയാണ് കേസ്.
ചെറുപ്രായത്തിൽ മാതാപിതാക്കൾ വാഹനാപകടത്തിൽ മരിച്ച നിർമ്മല ദുർഗ്ഗയെ കോയമ്പത്തൂരിൽ വെച്ച് റനീഷ് പരിചയപ്പെടുകയും കൂടെ താമസിപ്പിക്കുകയുമായിരുന്നു. ഈ സമയത്ത് വിവാഹ വാഗ്ദാനം നൽകി യുവാവ് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി നിർമ്മല ദുർഗ്ഗ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. രണ്ട് തവണ യുവതി അറിയാതെ ഗർഭഛിദ്രം നടത്തി. തലശ്ശേരി റുഖ്‌സാന ക്വാർട്ടേഴ്‌സിൽ കഴിഞ്ഞ മാസം 19 മുതൽ ഇരുവരും താമസിച്ചുവരികയായിരുന്നു. ഇവിടെ വെച്ച് വിവാഹം രജിസ്റ്റർ ചെയ്യുമെന്നും യുവാവ് വാക്ക് നൽകിയിരുന്നു. ഇതിനിടെ റനീഷിന്റെ അമ്മയും സഹോദരിയും സഹോദരി ഭർത്താവുമെത്തി ശീരാരികവും മാനസികവുമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. റനീഷുമായുള്ള ബന്ധം ഒഴിയണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കിയതായും പരാതിയിൽ പറഞ്ഞിരുന്നു. നിർമ്മല ദുർഗ്ഗയുടെ ഉടമസ്ഥതയിലുള്ള മാരുതി കാറും സ്‌കൂട്ടറും അക്കൗണ്ടിലുണ്ടായിരുന്ന ഏഴു ലക്ഷം രൂപയും എ.ടി.എം കാർഡ് കൈക്കലാക്കി റിനീഷ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ യുവതിയുടെ ശ്രീലങ്കൻ പാസ്‌പോർട്ടും 12 പവന്റെ സ്വർണ്ണാഭരണങ്ങൾ, അരക്കിലോഗ്രാം വെള്ളിയാഭരണം എന്നിവയും യുവാവ് അപഹരിച്ചു. വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞ് റനീഷിന്റെ സഹോദരിയും മറ്റും യുവാവിനെ തലശ്ശേരിയിലെ ക്വാർട്ടേഴ്‌സിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയും പിന്നീട് റനീഷിനെ ഗൾഫിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു.
സംഭവം സംബന്ധിച്ച് തലശ്ശേരി, ചൊക്ലി പോലീസ് സ്‌റ്റേഷനുകളിൽ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് യുവതി ജില്ല പോലീസ് ചീഫിന് പരാതി നൽകിയത്.