പ്രയാഗ്‌രാജ്- രണ്ട് മതത്തില്‍ പെട്ട ദമ്പതികള്‍ക്ക് അനുകൂലമായി അലഹബാദ് ഹൈക്കോടതിയുടെ വിധി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്ന പ്രായപൂര്‍ത്തിയായ സ്ത്രീയാണിതെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്നാം കക്ഷി നിയന്ത്രണമോ തടസ്സമോ സൃഷ്ടിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
ഹിന്ദു-മുസ്ലിം വിവാഹം തടയുകയെന്ന ലക്ഷ്യത്തോടെ പുതിയ നിയമം നിര്‍മിച്ച യു.പിയില്‍ സംഘ്പരിവാറിനും പോലീസിനും ശക്തമായ താക്കീതാണ് കോടതി വിധി.
ഉത്തര്‍പ്രദേശിലെ എറ്റാ ജില്ലയില്‍ സെപ്റ്റംബറില്‍ ശിഖയെന്ന യുവതിയുടെ ഭര്‍ത്താവിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കിയ കോടതി ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങുന്നതുവരെ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കി.
മകളെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ചുവെന്ന് യുവതിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
ജസ്റ്റിസുമാരായ പങ്കജ് നഖ്‌വി, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. സല്‍മാനെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്ന് ശിഖ ജഡ്ജിമാര്‍ മുമ്പാകെ മൊഴി നല്‍കി. ജനന തീയതി 1999 ഒക്ടോബര്‍ നാലാണെന്നും കോടതി സ്ഥിരീകരിച്ചു.
ശിഖയെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയതിന് ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ കോടതി വിമര്‍ശിച്ചു.