ബംഗളൂരു- കര്‍ണാടകയില്‍ വിവാദമായ പശു കശാപ്പ് നിരോധ ബില്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിയമസഭയില്‍ പാസായെങ്കിലും ലജിസ്ലേറ്റീവ് കൗണ്‍സില്‍ ഇനിയും അഗീകരിക്കാത്ത സാഹചര്യത്തിലാണ് കര്‍ണാടക മന്ത്രിസഭയുടെ തീരുമാനം.
ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനത്ത് പശുക്കളെ അറുക്കുന്നതിന് പൂര്‍ണ നിരോധം നടപ്പിലാകും. എന്നാല്‍ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത് തുടരും. പോത്തിറച്ചി കഴിക്കുന്നത് നിരോധിക്കില്ല.
പശു കശാപ്പ് വിരുദ്ധ നിയമം പുതിയതല്ലെന്നും പതിറ്റാണ്ടുകളായി നിലവിലുള്ളതാണെന്നും നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. 13 വയസ്സ് വരെ പശുക്കളെ അറുക്കുന്നതിന് നേരത്തെ തന്നെ നിരോധനമുണ്ട്. പ്രായമായ പശുക്കളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. നിരോധനം എരുമകളിലേക്ക് വ്യാപിപ്പിക്കാത്തതിനാല്‍ ബീഫ് ഉപയോഗിക്കുന്നതിന് നിരോധനമില്ലെന്നും മധുസ്വാമി പറഞ്ഞു.
ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അടുത്ത ദിവസം തന്നെ അയക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കറവയ്ക്ക് ഉപയോഗിക്കാത്ത പ്രായമായ പശുക്കള്‍ കര്‍ഷകര്‍ക്ക് ഭാരമാകാതിരിക്കാനും അവയെ സംരക്ഷിക്കാനുമായി പശു ഷെല്‍ട്ടറുകള്‍ പണിയുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്ന ബില്‍ കള്ളക്കടത്തിനും പശുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും കശാപ്പിനും കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.
പരമാവധി ഏഴ് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയുമാണ് നിയമം ലംഘിക്കുന്നവര്‍ക്ക് കന്നുകാലി കശാപ്പ് തടയല്‍ ബില്‍ നിര്‍ദേശിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്‍ കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പാസാക്കാനിയിട്ടില്ല.