ചെന്നൈ- നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ. ആജ്ഞാപിക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നതെങ്കില്‍ ദേശീയ പാര്‍ട്ടിയുമായി സഖ്യം വേണ്ടതില്ലെന്നാണ് നിലപാട്. സഖ്യത്തില്‍ രണ്ടാമതാകാന്‍ ഒരുക്കമല്ലെന്ന സന്ദേശമാണ് ഇതിലൂടെ ബിജെപിക്ക് അണ്ണാ ഡിഎംകെ നല്‍കുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തന്നെയായിരിക്കും പാര്‍്ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അണ്ണാ ഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പളനിസ്വാമിയെ മുഖ്യമന്ത്രിയായി വീണ്ടും ഉയര്‍ത്തിക്കാട്ടുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ കഴിഞ്ഞ ദിവസം ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായി പ്രകാശ് ജാവഡേക്കര്‍ വിസമ്മതിച്ചതിനു പിന്നാലെയാണിത്.
തെരഞ്ഞെടുപ്പു സഖ്യത്തെ അണ്ണാ ഡിഎംകെ നയിക്കും. ദേശീയ പാര്‍ട്ടി മറിച്ചാണ് ആജ്ഞാപിക്കുന്നതെങ്കില്‍ അവര്‍ സഖ്യത്തിന്റെ ഭാഗമാകേണ്ടതില്ല- പാര്‍ട്ടി എംപിയും തെരഞ്ഞെടുപ്പു ചുമതലകളുടെ ഡെപ്യൂട്ടി കോഓര്‍ഡിനേറ്ററുമായ കെ പി മുനുസ്വാമി വ്യക്തമാക്കി.
നിലവില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഒറ്റ എംപിയും എംഎല്‍എയും ഇല്ല. ഒമ്പതു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന അണ്ണാ ഡിഎംകെക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തവുമാണ്.