ജയ്പൂര്‍- കഠിനാധ്വാനത്തിലൂടെ ജീവിത വിജയം കൈവരിക്കാമെന്നതിന് നമുക്ക് ചുറ്റും ധാരാളം മാതൃകകളുണ്ട്. രാജസ്ഥാനിലെ പാവപ്പെട്ട പെണ്‍കുട്ടി ഉത്സാഹത്തിലൂടെ നേടിയെടുത്തത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പദവി. എപ്പോഴും ചാണകവും, പുല്ലും മണക്കുന്ന തൊഴുത്ത്, കൂട്ടിന് ഇടക്കിടെയുള്ള പശുക്കളുടെ കരച്ചില്‍ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വ്വീസസിന്റെ പരീക്ഷക്ക് പഠിക്കുമ്പോള്‍ ഉദയ്പൂര്‍ നഗരത്തിനടുത്ത ഗ്രാമത്തിലെ സൊനാല്‍ ശര്‍മ്മക്കുള്ള കൂട്ട് ഇവയൊക്കെയായിരുന്നു. തടിച്ച നിയമ പുസ്തകങ്ങള്‍ വെക്കാന്‍ ഒരു മേശ പോലും ഇല്ലാതിരുന്ന സൊനാലിന്റെ വീട്ടില്‍ ഒഴിഞ്ഞ വെളിച്ചെണ്ണ ടിന്നുകള്‍ ഒരുമിച്ചടുക്കിയുണ്ടാക്കിയ താത്കാലിക മേശയില്‍ പുസ്തകങ്ങള്‍ വെച്ചാണ് അവള്‍ പഠിച്ചിരുന്നത്. കഠിനാധ്വാനവും, നിരന്തര പരശ്രമവും വിജയത്തിന് വഴിമാറിയപ്പോള്‍ സൊനാലിനെ കാത്തിരുന്നത് രാജസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എന്ന പദവിയായിരുന്നു. ഉദയ്പൂരിലെ പാല്‍ വില്‍പ്പനക്കാരന്‍ ക്യാലിലാല്‍ ശര്‍മ്മയുടെ നാല് മക്കളിലെ രണ്ടമതായണ് സൊനാല്‍ ജനിച്ചത്. പശുക്കള്‍ക്ക് പുല്ല് പറിച്ചും, ചാണകം വാരിയും, അച്ഛനൊപ്പം പാല്‍ വില്‍ക്കാനും പോയാണ് കൊച്ചു സൊനാലിന്റെ കുട്ടിക്കാലം. ഇതിനിടയില്‍ പഠനവും മുന്നോട്ട് പോയി, പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കുന്ന ജോലികള്‍ രാവിലെ സ്‌കളില്‍ പോകുന്നിടം വരെ. വൈകീട്ടെത്തിയാലും ജോലികള്‍ അങ്ങിനെ തന്നെ. ഇടക്ക് കിട്ടുന്ന സമയം അത്രയും സൊനാല്‍ പഠനത്തിനായി മാറ്റി. ബിരുദത്തിനും, എല്‍.എല്‍.ബിക്കും എല്‍.എല്‍.എമ്മിനും ഗോള്‍ഡ് മെഡല്‍. പഠിച്ച ക്ലാസുകളിലെല്ലാം ഒന്നാമത് സൊനാലായിരുന്നു. വലിയ തുക കൊടുത്ത് കോച്ചിങ്ങില്‍ മജിസ്റ്റീരിയല്‍ പരീക്ഷക്ക് പഠിക്കാന്‍ സൊനാലിന് ശേഷിയുണ്ടായിരുന്നില്ല. സൈക്കിളില്‍ ലൈബ്രറിയില്‍ പോയായിരുന്നു പഠനം.
2019ല്‍ പരീക്ഷയുടെ റിസള്‍ട്ടില്‍ ഒരു മാര്‍ക്കിന്റെ കുറവില്‍ സൊനാല്‍ വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു എന്നാല്‍ നിയമനം ലഭിച്ചവരില്‍ ചിലര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സൊനാലിനടക്കം ഏഴു പേര്‍ക്ക് നിയമന ശുപാര്‍ശ എത്തി. ഒടുവില്‍ 26-ാം വയസ്സില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി.