റോം- വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ ആരുമില്ലാതെ ഒറ്റക്കായ വൃദ്ധന് കൂട്ടായി പോലീസുകാര്‍.ക്രിസ്മസ് ദിനത്തില്‍ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഒരാള്‍പോലുമില്ലാതെ ദു:ഖിച്ചയാളുടെ വിഷമം മനസിലാക്കിയ ഇറ്റാലിയന്‍ പോലീസ് ക്രിസ്മസ് ദിനത്തില്‍ കാരുണ്യത്തിന്റെ ഇടന്മാരായി.
എല്ലാ തിരക്കുകളും മാറ്റിവച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ആ വയോധികന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇതുവരെയില്ലാത്ത ചാരുത നല്‍കി. സംഭവം പുറത്തറിഞ്ഞതോടെ പോലീസിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ഇറ്റാലിയന്‍ ജനത.
'എന്റെ വീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ, ഈ ക്രിസ്മസ് ദിനത്തില്‍ എന്നോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനും വൈന്‍ നുകരാനും ആശംസകള്‍ കൈമാറാനും മറ്റാരുമില്ലാതെ ഞാന്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. അവിടെ വലിയ തിരക്കില്ലാത്ത ഓഫീസര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നോടൊപ്പം ഒരു 10 മിനിട്ട് ചെലവഴിക്കാന്‍ അവരെ എന്റെ വീട്ടിലേക്ക് അയക്കാന്‍ ദയവുണ്ടാകുമോ?
ആള്‍തോ റെനോയില്‍ താമസിക്കുന്ന 94 വയസുള്ള വയോധികന്റെ ഈ സന്ദേശമാണ് പോലീസിനെ ഇവിടെയെത്തിച്ചത്.