പട്‌ന- സഖ്യകക്ഷിയായ ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാസാക്കിയ മത പരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രമേയവുമായി ജനതാദള്‍ (യുനൈറ്റഡ്).
പട്‌നയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗമാണ് സഖ്യകക്ഷിയായ ബി.ജെ.പിക്കെതിരെ പ്രമേയം പാസാക്കിയത്.
പുതിയ നിയമങ്ങള്‍ സമൂഹത്തില്‍ സാമൂഹിക വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നതാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. വഞ്ചനയില്ലെങ്കില്‍ പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും സമ്മതത്തോടെ വിവാഹം കഴിക്കാമെന്നത് നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്ന് ജെഡി (യു) വക്താവ് കെ.സി. ത്യാഗി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ പാസാക്കുന്ന നിയമങ്ങള്‍ക്ക് പാര്‍ട്ടി എതിരാണ് അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ നവംബറില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. മധ്യപ്രദേശ് കഴിഞ്ഞ ദിവസം അംഗീകരിച്ച ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്നുണ്ട്.
മുസ്്‌ലിംകള്‍ ഹിന്ദു സ്ത്രീകളെ മതപരിവര്‍ത്തനം ചെയ്യുന്നതിന് പ്രണയത്തെ മറയാക്കുകയാണെന്ന ബി.ജെ.പി നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്കു പിന്നാലെയാണ് സംസ്ഥാനങ്ങളില്‍ നിയമം പാസാക്കിയത്.
ജാതിയും മതവും നോക്കാതെ മുതിര്‍ന്നവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഡോ. റാം മനോഹര്‍ ലോഹ്യയുടെ കാലം മുതല്‍ തന്നെ സോഷ്യലിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്ന് ത്യാഗി പറഞ്ഞു.
മുസ്ലിം-ഹിന്ദു വിവാഹത്തെ ലവ് ജിഹാദ് എന്നു വിശേഷിപ്പിച്ചാണ് ബി.ജെ.പി നേതാക്കള്‍ വിദ്വേഷ പ്രചാരണം തുടരുന്നത്.