റിയാദ്- മസ്ജിദുൽ ഹറാമിലെയും പരിസരങ്ങളിലെയും കീടങ്ങളെ തുരത്താൻ 20 ടീമുകളെ പ്രത്യേകം നിയോഗിച്ചതായി പരിസ്ഥിതി പ്രതിരോധ, പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് അറിയിച്ചു. മസ്ജിദുൽ ഹറം സുരക്ഷിതവും ആരോഗ്യപൂർണവുമായി നിലനിർത്താനുള്ള യത്‌നത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വകുപ്പ് മേധാവി ഹസൻ അൽസുവൈഹിരി അറിയിച്ചു.
നമസ്‌കരിക്കുന്ന സ്ഥലങ്ങളും മറ്റു തുറന്ന പ്രദേശങ്ങളും വൃത്തിയാക്കാനായി 150 സീസർ മോബ് ഉപകരണം സജ്ജമാക്കിയിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ സൂക്ഷ്മ കീടനാശിനികളാണ് പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരുഹറം കാര്യാലയ വിഭാഗം മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഹസൻ അൽസുവൈഹിരി വ്യക്തമാക്കി.