ന്യൂദൽഹി- കർഷകർ കേന്ദ്ര സർക്കാറുമായി നടത്താനിരിക്കുന്ന അടുത്ത ചർച്ചയും പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി പഞ്ചാബിൽനിന്നു കൂടുതൽ കർഷകർ ദൽഹിക്ക് യാത്ര തിരിച്ചു. സാംഗ്രൂർ, അമൃത്‌സർ, തൺ തരൺ, ഗുരുദാസ്പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ദൽഹിയിലേക്ക് തിരിച്ചത്.
കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30ന് കുണ്ട്‌ലിമനേസർപൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകനേതാക്കൾ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷം കർഷകർക്കൊപ്പം ആഘോഷിക്കാനും നേതാക്കൾ അഭ്യർഥിച്ചു.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ദേശീയപാതകളിൽ ടോളുകൾ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കർഷകരുടെ തീരുമാനം. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ. പ്രതാപൻ എം.പി. അറിയിച്ചു. ജനുവരി ഒന്നുമുതൽ ഏഴുവരെ മുഴുവൻ സംസ്ഥാനങ്ങളിലും തൊഴിലാളികർഷക ഐക്യം എന്ന മുദ്രാവാക്യത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.