ഈജിപ്തില്‍ കോവിഡ് ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 7 രോഗികള്‍ മരിച്ചു

കയ്‌റോ- ഈജിപ്ത് തലസ്ഥാനമായി കയ്‌റോയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴ് രോഗികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ ഒബോറിലെ മിസ്ര്‍ അല്‍ അമല്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഷോര്‍ട്‌സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കപ്പെടുന്നു. അപകടത്തെ തുടര്‍ന്ന് ആശുപത്രി പൂര്‍ണമായും ഒഴിപ്പിച്ചു. രോഗികളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചു വരുന്നതിനിടെയാണ് കോവിഡ് ആശുപത്രിയില്‍ അപകടം. ശനിയാഴ്ച 1,189 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 43 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,352 പേര്‍ മരിച്ചു.
 

Latest News