Sorry, you need to enable JavaScript to visit this website.

പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍ 

ന്യൂദല്‍ഹി- പധാനമന്ത്രി  മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍. ഉച്ചത്തില്‍ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് ദല്‍ഹിയിലെ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കീ ബാത്തിന്റെ വേളയില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷകരെ പിന്തുണക്കുന്ന എല്ലാവരോടും കര്‍ഷകര്‍ അഭ്യര്‍ഥിച്ചിരുന്നു.
കോവിഡ് പോരാളികള്‍ക്ക് പാത്രം കൊട്ടി ആദരവ് പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. പാത്രം കൊട്ടല്‍ തന്നെ പ്രധാനമന്ത്രിക്കെതിരായ സമരരീതിയാക്കുകയാണ് കര്‍ഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവര്‍ പറയുന്നതാണ് പ്രധാനമന്ത്രി കേള്‍ക്കേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കേന്ദ്രവുമായുള്ള അടുത്ത ചര്‍ച്ചയില്‍ തീരുമാനമില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങുകയാണ് കര്‍ഷകസംഘടനകള്‍. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്. സാംഗ്രൂര്‍, അമൃത്സര്‍, തണ്‍ തരണ്‍, ഗുരുദാസ്പുര്‍, ഭട്ടിന്‍ഡ ജില്ലകളില്‍ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളില്‍ ദല്‍ഹിക്കു പുറപ്പെട്ടത്.
 

Latest News