ലഖ്‌നൗ- സ്ത്രീകള്‍ക്ക് അവരുടെ ജീവിതം സ്വയം തെരഞ്ഞെടുക്കാനും നിര്‍ണയിക്കാനുമുള്ള അവകാശമുണ്ടന്ന് വ്യക്തമാക്കിയ അലഹാബാദ് ഹൈക്കോടതി ഹിന്ദു യുവതിയെ മുസ്‌ലിം ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. ഹിന്ദുത്വ തീവ്രവാദികള്‍ പ്രചരിപ്പിക്കുന്ന ലവ് ജിഹാദ്, മതംമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നേരത്തെ യുവതിയെ മാതാപിതാക്കള്‍ കൈമാറിയിരുന്നു. തുടര്‍ന്ന് യുവതിയെ അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി മാതാപിതാക്കള്‍ക്കൊപ്പം വി്ട്ടു എന്നു കാണിച്ച് യുവാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുകയായിരുന്നു. ഈ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പങ്കജ് നഖ്‌വി, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
യുവതിയുമായി ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം കഴിയാനുള്ള ആഗ്രഹം യുവതി നിസംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു. മൂന്നാമതൊരു കക്ഷി സൃഷ്ടിക്കുന്ന തടസങ്ങളും നിയന്ത്രണങ്ങളുമില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം യുവതിക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. യുവതിയെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ ഫയല്‍ ചെയ്ത കേസും ഹൈക്കോടതി റദ്ദാക്കി.
യുവതിയെ റിമാന്‍ഡ് ചെയ്ത് അഭയ കേന്ദ്രത്തിലാക്കിയ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. വിചാരണ കോടതിയുടേയും ഇട്ടാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടേയും നടപടികള്‍ നിയമപരമായി നിലനില്‍പ്പില്ലാത്തതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുവതി ഒരു മുതിര്‍ന്ന പൗരയാണെന്നും അവരുടെ ജനന തീയതി 1999 ഒക്ടോബര്‍ നാലാണ് എന്നതും വിചാരണ കോടതി കണക്കിലെടുത്തില്ല. വയസ്സു തെളിയിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മറ്റു തെളിവുകള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.