ന്യൂദല്‍ഹി- ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ലഭിക്കുക കോവിഷീല്‍ഡ് വാക്‌സിനാകുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനുള്ള തയാറെടുപ്പുകള്‍ നടക്കവെയാണ് ഓക്‌സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് അടുത്ത ആഴ്ച ഇന്ത്യയില്‍ അടിയന്തര അനുമതി നല്‍കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റിയൂട്ടാണ് കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.
യു.കെ ഡ്രഗ് റെഗുലേറ്ററിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതി യോഗം ചേര്‍ന്ന് വാക്‌സിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തും. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ അവലോകനം ചെയ്യും. തുടര്‍ന്നാകും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുക.