ന്യൂദല്‍ഹി- വരുന്ന അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉയര്‍ന്ന നിലവാരത്തിലുള്ള അഭിരുചി പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമം തീരുമാനിക്കാന്‍ ഏഴംഗ വിദഗ്ധ സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി.
വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് കാരണം വിദ്യാര്‍ഥി പ്രവേശനത്തിനുണ്ടാകുന്ന സങ്കീര്‍ണത ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഇല്ലാതാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
പഞ്ചാബിലെ കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആര്‍.പി. തിവാരിയുടെ അധ്യക്ഷതയിലാണ് ഏഴംഗ സമിതി രൂപീകരിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വിദഗ്ധ സമിതി പരീക്ഷാ നടത്തിപ്പിന്റെ നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് യു.ജി.സി ചെയര്‍പേഴ്‌സണ്‍ ഡി.പി. സിംഗ് അറിയിച്ചു.