Sorry, you need to enable JavaScript to visit this website.

ദുരഭിമാനകൊല; മൂന്നു മാസത്തിലപ്പുറം താലിയുണ്ടാകില്ലെന്ന് ഭീഷണിയുണ്ടായിരുന്നെന്ന് കുടുംബം

പാലക്കാട്- തേങ്കുറുശ്ശിയിൽ ദുരഭിമാനകൊലക്ക് ഇരയായ യുവാവിന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി കുടുംബം. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയെ അച്ഛനും അമ്മാവനും നിരന്തരം ഭീഷണിപ്പെടുത്തിയതായി അനീഷിന്റെ അച്ഛൻ അറമുഖൻ പറഞ്ഞു. ഭീഷണിക്കെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും അറമുഖൻ പറഞ്ഞു. മൂന്നു മാസത്തിലപ്പുറം താലി കാണില്ലെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്നും അറമുഖൻ വ്യക്തമാക്കി.
ഇന്നലെ സന്ധ്യക്കാണ് തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്റെ മകൻ  അനീഷ്(25) കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാമൻ സുരേഷിനെ കുഴൽമന്ദം പോലീസ് അറസ്റ്റ് ചെയ്തു. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ഒളിവിൽ പോയി. ബൈക്കിൽ സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ സോഡ കുടിക്കാൻ വഴിയരികിലുള്ള കടക്കു മുന്നിൽ വണ്ടി നിർത്തിയപ്പോഴാണ് അനീഷിനെ അക്രമിച്ചത്. കാലിനും കഴുത്തിനും ഗുരുതരമായി വെട്ടേറ്റ യുവാവിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരേഷും പ്രഭുകുമാറും ചേർന്നാണ് യുവാവിനെ വെട്ടിയത് എന്ന് സഹോദരൻ മൊഴി നൽകിയിട്ടുണ്ട്. 
മൂന്നു മാസം മുമ്പായിരുന്നു അനീഷിന്റേയും ഹരിതയുടേയും വിവാഹം. കൊല്ലൻ സമുദായാംഗമായ യുവാവിനെ വിവാഹം കഴിക്കുന്നതിന് നായർ വിഭാഗത്തിൽ പെട്ട യുവതിയുടെ ബന്ധുക്കൾ എതിരായിരുന്നു. അധികം കാലം ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഹരിതയുടെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായും ഇരു കുടുംബങ്ങളും തമ്മിൽ വലിയ അന്തരമാണ് ഉള്ളത്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്ക് ഇരുവരും പ്രണയത്തിലായിരുന്നു. അനീഷ് പെയിന്റിംഗ് തൊഴിലാളിയാണ്. 
മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരഭിമാനക്കൊലയാണെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണ് എന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള പാലക്കാട് ഡി.വൈ.എസ്.പി ശശികുമാർ അറിയിച്ചു.
 

Latest News