ഹൈദരാബാദ്- തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അതേസമയം, രക്തസമർദ്ദം ഉയർന്ന നിലയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് രജനികാന്ത്. എഴുപതുകാരനായ രജനി അഭിനയിക്കുന്ന അന്നാത്തെ സിനിമയിലെ ചില അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരുന്നു. രജനീകാന്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ട ആരോഗ്യാവസ്ഥയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വിശദീകരിക്കുന്നു. പൂർണവിശ്രമം നിർദ്ദേശിച്ച ഡോക്ടർമാർ സന്ദർശകരെ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി ഇ-പളനി സ്വാമി ഫോണിൽ രജനീകാന്തുമായി സംസാരിച്ചു.