ന്യൂദല്‍ഹി- ഹലാല്‍ മാംസം ഹിന്ദു, സിഖ് മതങ്ങള്‍ക്കെതിരാണെന്നും വില്‍ക്കുന്ന മാംസം ഹലാല്‍ രീതിയിലാണോ അതോ ജട്ക രീതിയിലാണോ തയാര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് ഭക്ഷണശാലകളും മാംസം വില്‍ക്കുന്ന ഷോപ്പുകളും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും ബിജെപി ഭരിക്കുന്ന സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. സ്ഥിരസമിതിയാണ് ഈ പ്രമേയം കൊണ്ടുവന്നത്. ഇത് സഭ പാസാക്കുന്നതോടെ നിയമമായി മാറും.
ഹൈന്ദവ, സിഖ് വിശ്വാസ പ്രകാരം ഹലാല്‍ മാംസം നിഷിദ്ധവും മതവിരുദ്ധവുമാണ്. അതുകൊണ്ട് മാംസം വില്‍ക്കുന്ന ഷോപ്പുകളും ഭക്ഷണശാലകളും ഇവ അറുക്കപ്പെട്ടത് ഹലാല്‍ രീതിയിലാണോ അതോ ജഡ്ക രീതിയിലാണോ എന്ന് വ്യക്തമാക്കണം-വ്യാഴാഴ്ച കോര്‍പറേഷന്‍ സ്ഥിരസമിതി പാസാക്കിയ പ്രമേയം പറയുന്നു. മൃഗത്തെ ഒറ്റയടിക്ക് കൊല്ലുന്ന രീതിയാണ് ജട്ക. പ്രധാന ധമനി മുറിച്ച് മൃഗങ്ങളെ അറുക്കുന്ന രീതിയാണ് ഹലാല്‍.
'ജട്ക മാംസം ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഹലാല്‍ മാംസം ലഭിച്ചാല്‍ അദ്ദേഹം വഞ്ചിക്കപ്പെട്ടതായി കരുതും. അതുകൊണ്ട് മാംസം ജട്കയാണോ ഹലാല്‍ ആണോ എന്ന് വില്‍പ്പനക്കാര്‍ വ്യക്തമായും കാണിക്കണം,' കോര്‍പറേഷന്‍ സ്ഥിരസമിതി അദ്യക്ഷന്‍ രാജ്ദത്ത് ഘെലോട്ട് പറയുന്നു.
2017ല്‍ ഇതേ നഗരസഭ മാംസവും മാംസ ഉല്‍പ്പന്നങ്ങളും പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്ന ചട്ടമിറക്കിയിരുന്നു. ശുചിത്വുവും മാംസം കാണുന്നവര്‍ക്കുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഷോപ്പുടമകള്‍ ശക്തമായി പ്രതിഷേധിച്ചതോടെ ഇതു നടപ്പിലാക്കപ്പെട്ടില്ല.