ന്യൂദല്‍ഹി- ദേശീയ വോട്ടര്‍മാരുടെ ദിനമായ ജനുവരി 25ന് ഡിജിറ്റല്‍ വോട്ടര്‍ ഐഡി അവതരിപ്പിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരുങ്ങുന്നു. വോട്ടര്‍ ഐഡി സ്വന്തമാക്കാന്‍ നിലവിലുള്ള കാലതാമസമെടുക്കുന്ന നടപടികള്‍ ലഘൂകരിച്ച് അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ഡിജിറ്റല്‍ രൂപത്തില്‍ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുന്നതാണ് പുതിയ സംവിധാനം. രണ്ട് ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തി സുരക്ഷിതമാക്കിയ ഈ ഡിജിറ്റല്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ എത്ര വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാം. ഇതെടുത്ത് പ്രിന്റ് ചെയ്ത വോട്ടറുടെ സൗകര്യത്തിന് സൂക്ഷിക്കാം. ഈ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായിരിക്കില്ല. വേണ്ടവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കുകയും ഡിജിറ്റല്‍ വോട്ടര്‍ ഐടി സര്‍ക്കാരിന്റെ ഡിജിലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യാം.
ഡിജിറ്റല്‍ വോട്ടര്‍ ഐഡിയിലെ രണ്ടു ക്യൂ ആര്‍ കോഡുകളില്‍ ഒന്ന് വോട്ടറുടെ ഫോട്ടോ, വ്യക്തിവിവരങ്ങള്‍ എന്നിവ അടങ്ങിയതാണ്. മറ്റൊന്ന് നിരന്തരം പരിഷ്‌ക്കരിക്കുന്ന വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടതാണ്. തെരഞ്ഞെടുപ്പു വേളകളില്‍ രണ്ടാമത്തെ ക്യൂ ആര്‍ കോഡ് അപ്‌ഡേറ്റ ചെയ്യപ്പെടും. വോട്ടെടുപ്പിന്റെ സമയവും തീയതിയും അനുസരിച്ചായിരിക്കുമിത്. ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപിനു പകരം ഉപയോഗിക്കാവുന്നതാണിത്. അതേസമയം ഇപ്പോഴുള്ള വോട്ടര്‍ സ്ലിപു വിതരണവും കമ്മീഷന്‍ തുടരും.
നിലവിലുള്ള വോട്ടര്‍ ഐഡി വിതരണ സംവിധാനം മാറ്റമില്ലാതെ തുടരുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. ഡിജിറ്റല്‍ വോട്ടര്‍ ഐഡി ആവശ്യമുള്ളവര്‍ക്ക് വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പില്‍ സ്വന്തം മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. വണ്‍ ടൈം പാസ്‌വേഡ് (ഒ.ടി.പി) ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ് ലളിതമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പ്രവാസി വോട്ടര്‍മാരും ഇതെ വെരിഫിക്കേഷന്‍ നടപടികള്‍ തന്നെയാണ് പിന്തുടരേണ്ടത്.