പാലക്കാട്- കുഴല്‍മന്ദം തേങ്കുറുശ്ശിയില്‍ പ്രണയ വിവാഹത്തിന്റെ പേരില്‍ അനീഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത. അമ്മാവന്‍ സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഫോണ്‍ വാങ്ങി കൊണ്ടു പോയിരുന്നും ഹരിത പറഞ്ഞു.
വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും മൂന്ന് മാസത്തിനകം എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്നു മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാര്‍ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ദൃക്‌സാക്ഷിയായ സഹോദരന്‍ അരുണ്‍ അരുണ്‍ പറഞ്ഞു.
മൂന്നു മാസം പൂര്‍ത്തിയാകുന്നതിന്റെ തലേ ദിവസമാണ് അനീഷ് കൊല്ലപ്പെട്ടത്.
വടിവാളും കമ്പിയും ഉപയോഗിച്ചാണ് അനീഷിനെ പ്രതികളായ പ്രഭുകുമാറും സുരേഷും ആക്രമിച്ചതെന്ന് അരുണ്‍ വെളിപ്പെടുത്തി. വൈകീട്ട് ആറരയോടെ സോഡയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായാണ് അനീഷും അരുണും കടയില്‍ പോയത്. കടയില്‍ നിന്ന് ബൈക്കില്‍ തിരിച്ചു വരുന്ന വഴി തേങ്കുറുശ്ശി മാനാംകുളമ്പ് സ്‌കൂളിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് ശേഷം അനീഷിനെ സമീപത്തെ ഓടയില്‍ തള്ളിയ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശ വാസികളാണ് അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. എന്നാല്‍, ഗുരുതര പരിക്കേറ്റ അനീഷിനെ രക്ഷിക്കാനായില്ല.
സ്‌കൂള്‍ കാലം തൊട്ട് പ്രണയിച്ച ഹരിതയും അനീഷും തമ്മിലുള്ള മൂന്ന് മാസം മുമ്പാണ് രജിസ്റ്റര്‍ ചെയ്തത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ വിവാഹത്തില്‍ ഹരിതയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഹരിതയുടെ കുടുംബത്തില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് അനീഷ് ഒളിച്ച് താമസിക്കുകയായിരുന്നു. അടുത്ത ദിവസമാണ് വീട്ടില്‍നിന്ന് പുറത്തിറങ്ങി തുടങ്ങിയത്.