ന്യൂദല്‍ഹി- ദുരിതാശ്വാസത്തിനുള്ള സംഭാവനകള്‍ക്കായി രൂപം നല്‍കിയ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ട് സ്ഥാപിച്ചത് സര്‍ക്കാരാണെന്നും അതുകൊണ്ട് ഇതൊരു സര്‍ക്കാര്‍ സംരഭമാണെന്നും കേന്ദ്രം. ഈ ഫണ്ട് സ്വകാര്യ സംരഭമാണെന്ന പിഎം കെയേഴ്‌സ് വെബ്‌സൈറ്റിലെ വാദത്തിനും ഈയിടെ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിനും വിരുദ്ധമായാണ് ഇപ്പോള്‍ പുതിയ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ ഫണ്ട് നിയന്ത്രിക്കുന്നത് സര്‍ക്കാരാണെന്ന വാദം. ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ചതും നിയന്ത്രിക്കുന്നതുമായ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് പിഎം കെയേഴ്‌സ്. എന്നാല്‍ സ്വകാര്യ സംഭാവനകള്‍ കൂടി സ്വീകരിക്കുന്നതിനാല്‍ ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല- എന്ന വിചിത്ര മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഈ ഫണ്ടിനായി മാര്‍ച്ച് 27ന് രൂപീകരിച്ച ട്രസ്റ്റിന്റെ പ്രമാണങ്ങളില്‍ പറയുന്നത് ഇത് സര്‍ക്കാര്‍ നിയന്ത്രിക്കുന്നതോ സര്‍ക്കാരിന് ഉടമാവകാശമുള്ളതോ ആയ സംരഭമല്ലെന്നാണ്.
ഈ ഫണ്ടിലേക്കുള്ള പണം പൂര്‍ണമായും വ്യക്തികള്‍, സംഘടനകള്‍, കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ ഫണ്ട്, വിദേശ സംഘടനകള്‍, വിദേശ വ്യക്തികള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവര്‍ നല്‍കുന്ന സംഭാവനകളാണ്. ഇത് സര്‍ക്കാര്‍ പണം ചെലഴിച്ച് നടത്തുന്നതും സ്വകാര്യ വ്യക്തികള്‍ ട്രസ്റ്റികളായി ഭരിക്കുന്നതുമല്ല. അതുകൊണ്ട് വിവരാവകാശ നിയമ പരിധിയില്‍ വരുന്നില്ല- ആര്‍ടിഐ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
പുതിയ സര്‍ക്കാര്‍ നിലപാട് പിഎം കെയേഴ്‌സ് ഫണ്ടിന്റെ ഉടമസ്ഥത സംബന്ധിച്ച് കുടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. വിവിധ ഇടങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്ന ഫണ്ട് ഒരു സര്‍ക്കാര്‍ സംരഭമായാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇത്തരം സംരഭങ്ങള്‍ നിയമപരമായി വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തിരിക്കുന്നു.
ദല്‍ഹിയിലെ റെവന്യൂ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റാണ് പിഎം കെയേഴ്‌സ് ഫണ്ട്. പ്രധാനമന്ത്രി ചെയര്‍മാനും മുതിര്‍ന്ന മന്ത്രിമാര്‍ ട്രസ്റ്റികളുമാണ്. അതേസമയം ഈയിടെ വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയ വിവര പ്രകാരം ഇതൊരു സര്‍ക്കാര്‍ ട്രസ്റ്റ് അല്ല.