Sorry, you need to enable JavaScript to visit this website.

നിതീഷ് കുമാറിന് നാണക്കേട്; അരുണാചലില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍

ഷിംല- ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുകയും എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കു പിറകെ രണ്ടാമതാകുകയും ചെയ്ത നാണക്കേട് മാറുംമുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് അരുണാചല്‍ പ്രദേശിലും തിരിച്ചടി. സംസ്ഥാനത്തെ ഏഴു ജെഡിയു എംഎല്‍എമാരില്‍ ആറു പേരും ബിജെപിയിലേക്ക് കാലുമാറി. അരുണാചലില്‍ ഈയിടെ സാന്നിധ്യമറിയിച്ച ജെഡിയുവിന് വലിയ തിരിച്ചടിയാണ് സഖ്യകക്ഷിയായ ബിജെപിയില്‍ നിന്നുണ്ടായിരിക്കുന്നത്. 60 അംഗ അരുണാചല്‍ നിയമസഭയില്‍ ഇപ്പോള്‍ ഒരംഗം മാത്രമാണ് നീതീഷിന്റെ ജെഡിയുവിനുള്ളത്. പുതിയ കാലുമാറ്റത്തോടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലെ ഒരു എംഎല്‍എ അടക്കം ബിജെപിയുടെ അംഗ ബലം 48 ആയി ഉയര്‍ന്നു. 

ഹയെങ് മങ്ഫി, ജിക്കെ ടാകോ, ദോങ്രു സിയോന്‍ജു, താലെം തബോ, കങ്‌ഗോങ് തകു, ദോര്‍ജി വാങ്ഡി ഖര്‍മ എന്നീ എംഎല്‍എമാരാണ് ജെഡിയു  വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇവരില്‍ മൂന്ന് പേര്‍ക്ക് കഴിഞ്ഞ മാസം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജെഡിയു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിക്കാതെ സഭയിലെ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുത്തിനായിരുന്നു നടപടി.

ബിജെപിയുടെ ഈ ചതിയില്‍ നിതീഷ് കുമാറിന് അമര്‍ഷമുള്ളതായാണ് സൂചന. അടുത്ത ദിവസം നടക്കാനിരിക്കുന്ന ജെഡിയുവിന്റെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകും. ബിഹാറില്‍ സഖ്യമാണെങ്കിലും അരുണാചലില്‍ ജെഡിയു ബിജെപി സഖ്യമില്ല. പ്രതിപക്ഷമാണെങ്കിലും ബിജെപി സര്‍ക്കാരിന് പുറത്തു നിന്ന് പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റ് നേടി മികച്ച പ്രകടനം നടത്തിയ ജെഡിയുവിന് കഴിഞ്ഞ വര്‍ഷം അംഗീകൃത സംസ്ഥാന പാര്‍ട്ടി പദവിയും ലഭിച്ചിരുന്നു.
 

Latest News