ബിജ്‌നോര്‍- സുഹൃത്തിന്റെ ജന്മദിന വിരുന്നില്‍ പങ്കെുത്ത ശേം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ട് കൗമാരക്കാരെ നാട്ടുകാര്‍ പിടികൂടി മര്‍ദിക്കുകയും ഒടുവില്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പോലീസില്‍ എത്തിയതോടെ കേസ് ലവ് ജിഹാദും നിര്‍ബന്ധ മതപരിവര്‍ത്തനവുമായി മാറി. കൗമാരക്കാരില്‍ ഒരാള്‍ മുസ്‌ലിമും പെണ്‍കുട്ടി ഹിന്ദുവും ആണെന്ന തിരിച്ചറിഞ്ഞതോടെയാണ് കേസ് മറ്റൊന്നായി മാറിയത്. മുസ്‌ലിമായ കൗമാരക്കാരന്‍ ഒരാഴ്ചയിലേറെയായി ജയിലിലാണ്. 16കാരിയായ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു മതം മാറ്റാന്‍ ശ്രമിച്ചെന്നാണ് കുറ്റം. ഈ സംഭവം പെണ്‍കുട്ടിയും മാതാവും നിഷേധിക്കുന്നുണ്ടെങ്കിലും പോലീസ് കേസുമായി മുന്നോട്ടു പോകുകയാണ്.
പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് കേസെടുത്തത് എന്നാണ് പോലീസ് പറയുന്നത്. വ്യാജ ഹിന്ദു പേര് ഉപയോഗിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റാനായിരുന്നു യുവാവിന്റെ ശ്രമമെന്ന് പോലീസ് പറയുന്നു.
സംഭവം അറിയാനായി മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘം ബിജ്‌നോറിലെ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തിയപ്പോള്‍ സുരക്ഷാ വലയത്തിലായിരുന്നു പെണ്‍കുട്ടി. പോലീസ്് പറയുന്ന വാദങ്ങളും മതംമാറ്റ ആരോപണവും പെണ്‍കുട്ടി പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇങ്ങനെ ഒരു ശ്രമം നടന്നിട്ടില്ലെന്ന് പെണ്‍കുട്ടി തീര്‍ത്തു പറയുന്നു. 'രാത്രി 11.30ഓടെയാണ് ആളുകള്‍ ഞങ്ങളെ പിടികൂടിയത്. അവര്‍ മര്‍ദിച്ചു. മോഷണം ആരോപിച്ചായിരുന്നു മര്‍ദനം. അവര്‍ ആണ്‍കുട്ടിയെ പിടികൂടി. പിന്നീടാണ് എന്നെ പിടികൂടിയത്. അവന്‍ എന്നെ മതംമാറ്റാന്‍ ശ്രമിക്കുകയായിരുന്നു എന്ന ആരോപണം ശരിയല്ല,' പെണ്‍കുട്ടി എന്‍ഡിടിവിയോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ വാക്കുകളെ അമ്മയും ശരിവച്ചു. ഒരു ജന്മദിന വിരുന്നില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. രാത്രി ആയതിനാല്‍ വീട്ടില്‍ സുരക്ഷിതമായി എത്തിക്കാന്‍ സഹായിക്കാനാണ് അവന്‍ ശ്രമിച്ചത്. ഇതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുകയാണെന്ന് പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
പരാതി നല്‍കിയെന്ന് പറയപ്പെടുന്ന അച്ഛന്‍ കേസിനോട് പ്രതികരിച്ചിട്ടില്ല. പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു എന്ന വാദവും പോലീസ് ഉന്നയിക്കുന്നുണ്ട്. മുസ്‌ലിം കൗമാരക്കാരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതംമാറ്റാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ ഈ വാദം പെണ്‍കുട്ടിയുടെ നാട്ടിലെ ഗ്രാമമുഖ്യന്‍ തള്ളിക്കളഞ്ഞു. ഈ സംഭവത്തില്‍ ലവ് ജിഹാദ് ഇല്ലെന്നും പോലീസ് കഥ കെട്ടിച്ചമയ്ക്കുകയാണെന്നും ഗ്രാമത്തിലെ പ്രധാന്‍ ആയ വിനോദ് സൈനി പറഞ്ഞു. പെണ്‍കുട്ടി സുഹൃത്തിന്റെ ജന്മദിന വിരുന്നിന് പോയതായിരുന്നുവെന്നാണ് മാതാപിതാക്കള്‍ അറിയിച്ചതെന്നും സൈനി പറഞ്ഞു.
മോഷ്ടാക്കള്‍ എന്നു കരുതിയാകാം നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. അവര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എനിക്ക് ഫോണ്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ അച്ഛനേയും കൂട്ടി സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ നിയമ നടപടി വേണ്ടെന്ന് അച്ഛന്‍ രേഖാമൂലം പോലീസിനെ അറിയിച്ചതാണ്. ശേഷം പെണ്‍കുട്ടിയെ കൂട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് പോലീസ് വിളിക്കുകയും പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് എന്താണ് എന്നന്വേഷിച്ചപ്പോള്‍ സംഭവത്തില്‍ ലവ് ജിഹാദ് കേസ് കൂടി രജിസ്റ്റര്‍ ചെയ്യാമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു- ഗ്രാമ പ്രധാന്‍ പറയുന്നു. ഈ ആരോപണം ഉന്നയിച്ച് പോലീസ് ട്വീറ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് കേസെടുത്തതെന്നും പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ടെന്നും മറ്റു തെളിവുകളുണ്ടെന്നും ട്വീറ്റില്‍ പോലീസ് അവകാശപ്പെട്ടു.
തന്റെ മകന്‍ സുഹൃത്തിന്റെ ജന്മദിന വിരുന്നില്‍ പങ്കെടുക്കാനാണ് പോയിരുന്നതെന്ന് ആണ്‍കുട്ടിയുടെ അമ്മയും പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ആണ്‍കുട്ടിയുടെ വീട്.