ന്യൂദൽഹി- ഇന്ത്യ ഭരിച്ചിരുന്ന ഒരു രാജവംശത്തിലെ അവസാനത്തെ രാജകുമാരൻ ആരോരുമില്ലാതെ ഏകനായി മരണത്തിലേക്ക് നടന്നുകയറി. ദൽഹിയുടെ പ്രാന്തപ്രദേശത്തുള്ള വീട്ടിൽ കിടന്നാണ് ഔദ് രാജവംശത്തിലെ അവസാനത്തെ രാജകുമാരൻ എന്ന് സ്വയം അവകാശപ്പെട്ടിരുന്ന അലി റാസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു വർഷം മുമ്പ് തന്റെ സഹോദരി സക്കീനയുടെ മരണശേഷം ഏകാന്തജീവിതം നയിക്കുകയായിരുന്നു അലി റാസ. രാത്രിഭക്ഷണം കഴിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അലി റാസ മരിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. ചാണക്യപുരിയിലെ ഫോറസ്റ്റ് ഏരിയയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ അമ്മക്കും സഹോദരിക്കുമൊപ്പമായിരുന്നു അലി റാസ താമസിച്ചിരുന്നത്. ഔദ് രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന നവാബ് വാജിദ് അലി ഖാന്റെ യഥാർത്ഥ പിൻഗാമികളാണ് തങ്ങളെന്നും സർക്കാറിൽനിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും 1970-കളിൽ കുടുംബം ആവശ്യപ്പെട്ടിരുന്നു. 1856-ലാണ് ഇവരുടെ സ്വത്തുവകകൾ ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുത്തത്.
ദൽഹിയുടെ പ്രാന്തപ്രദേശത്തുള്ള മൽച്ച മഹൽ എന്ന വീട്ടിലാണ് താമസിച്ചിരുന്നത്. മൽച്ച റോഡിനോട് ചേർന്നാണ് മൽച്ച മഹൽ. പൊതുജനങ്ങളിൽനിന്ന അകന്നുള്ള ജീവിതമാണ് ഇവർ നയിച്ചിരുന്നത്. ഇതിനകത്തേക്ക് കടക്കുന്നവർക്ക് വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ബോർഡും ഗെയ്റ്റിന് സമീപത്തുണ്ടായിരുന്നു. കാവലിനായി നായ്ക്കളടക്കമുള്ളവയുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരും ഈ ഭാഗത്തേക്ക് കടക്കാറുണ്ടായിരുന്നില്ല.
അലി റാസയുടെ അമ്മ 1993-ലാണ് ആത്മഹത്യ ചെയ്തത്. മഹലിന്റെ മരണശേഷം അവരുടെ മകൾ സക്കീനയും മകൻ അലി റാസയും കടുത്ത നിരാശയിലയിരുന്നു. വൈദ്യുതി പോലുമില്ലാത്ത സ്ഥലത്തായിരുന്നു ഇവരുടെ താമസം. സെപ്തംബർ രണ്ടിനായിരുന്നു അലി റാസയുടെ മരണം. മൃതദേഹം ഏറ്റെടുക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ രണ്ടു ദിവസം കാത്തിരുന്നു. ആരും എത്താത്തതിനെ തുടർന്ന് സെപ്തംബർ അഞ്ചിന് ദൽഹി വഖഫ് ബോർഡിനെ വിവരമറിയിക്കുകയും അവർ മൃതദേഹം മറവു ചെയ്യുകയും ചെയ്തു.
അവസാനകാലത്ത് നായകൾ മാത്രമായിരുന്നു അലി റാസയുടെ സഹചാരികൾ. ആഭരണവും മറ്റും വിറ്റാണ് അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്.