ന്യൂദല്‍ഹി- കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മിനിമം താങ്ങുവില സംരക്ഷണം സംബന്ധിച്ച് ചര്‍ച്ച വേണ്ടെന്ന് കേന്ദ്രം. മിനിമം താങ്ങുവില കര്‍ഷക നിയമ പരിധിയില്‍ വരാത്തതിനാല്‍ അതുമായി ബന്ധപ്പെട്ട പുതിയ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നത് യുക്തിപരമല്ലെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. കേന്ദ്രത്തിന്റെ എല്ലാ നിലപാടുകളും നേരത്തെ തള്ളിക്കളഞ്ഞതിനാല്‍ ചര്‍ച്ചയ്ക്കുള്ള അജണ്ട മാറ്റാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പുതിയ വിശദീകരണവുമായി വീണ്ടും കര്‍ഷകരെ കേന്ദ്രം ചര്‍ച്ചയ്ക്കു ക്ഷണിച്ചത്. കര്‍ഷക യൂണിയനുകള്‍ ഉന്നയിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. എന്നാല്‍ മിനിമം താങ്ങുവില സംബന്ധിച്ച പുതിയ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നത് യുക്തിപരമാകില്ല, കാര്‍ഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടരി വിവേക് അഗര്‍വാള്‍ കര്‍ഷകര്‍ക്കെഴുതിയ മൂന്ന് പേജ് കത്തില്‍ പറയുന്നു.
ഇതൊഴിവാക്കിയുള്ള ചര്‍ച്ച സ്വീകാര്യമാണോ എന്നതു സംബന്ധിച്ച് കര്‍ഷകര്‍ തീരുമാനം അറിയിച്ചിട്ടില്ല. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യത്തില്‍ നിന്നും മിനിനം താങ്ങുവില സംരക്ഷണം എന്ന ആവശ്യത്തെ വേര്‍ത്തിരിച്ച് കാണാനാവില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. മിനിം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ വേണമെന്നതാണ് കര്‍ഷക സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
കേന്ദ്രത്തിന്റെ പുതിയ ചര്‍ച്ചാ ക്ഷണക്കത്ത് ഇന്ന് കര്‍ഷക നേതാക്കള്‍ ചര്‍ച്ച ചെയ്ത് യോഗത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.