Sorry, you need to enable JavaScript to visit this website.

കാബൂളില്‍ ചൈനീസ് ചാര സംഘം പിടിയിലായി; ചൈന മാപ്പു പറയണമെന്ന് അഫ്ഗാന്‍

കാബൂള്‍- ചാരവൃത്തി നടത്തുകയും ഭീകര പ്രവര്‍ത്തന സെല്‍ നടത്തിവരികയുമായിരുന്ന പത്തം ചൈനീസ് സംഘത്തെ കാബൂളില്‍ പിടികൂടി. അഫ്ഗാന്റെ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍.ഡി.എസ്) ആണ് ചാരപ്രവര്‍ത്തനം നടത്തിയ 10 ചൈനീസ് പൗരന്മാരെ പിടികൂടിയത്. ചൈനയ്ക്കു വലിയ നാണക്കേടായ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതായും റിപോര്‍ട്ടുണ്ട്. പിടിയിലായ പത്തു പേരും ചൈനയുടെ ചാര ഏജന്‍സിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്നു. ആദ്യമായാണ് ചൈനീസ് ചാര സംഘം അഫ്ഗാനില്‍ പിടിയിലാകുന്നത്. യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതോടെ അഫ്ഗാനില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന. പിടിയിലായ പത്തു പേരില്‍ രണ്ടു പേര്‍ താലിബാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് എന്ന ഭീകരസംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നതായും റിപോര്‍ട്ടുണ്ട്. 

സംഭവത്തെ തുടര്‍ന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഫസ്റ്റ് വൈസ് പ്രസിഡന്റും മുന്‍ അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സി മേധാവിയുമായ അംറുല്ല സാലെഹിനെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കാബൂളിലെ ചൈനീസ് അംബാസഡര്‍ വാങ് യൂവുമായി അംറുല്ല  ചര്‍ച്ച നടത്തി. രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ചെന്നും വിശ്വാസ വഞ്ചന നടത്തിയെന്നും സമ്മതിച്ച് ഔദ്യോഗികമായി ചൈന മാപ്പു പറയുകയാണെങ്കില്‍ പിടിയിലായ 10 ചൈനീസ് ചാരന്മാര്‍ക്കും മാപ്പു നല്‍കുന്ന കാര്യം അഫ്ഗാന്‍ പരിഗണിക്കുമെന്ന് അംറുല്ല ചൈനയെ അറിയിച്ചതായാണ് സൂചന. ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ചൈനീസ് അംബാസഡറെ അംറുല്ല അറിയിച്ചു.

മാസങ്ങളായി ചൈനീസ് ചാര ഏജന്‍സിക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ലി യാങ്യാങ് ആണ് ആദ്യമായി പിടിയിലായത്. ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും കെറ്റമിന്‍ പൗഡറും പിടിച്ചെടുത്തിയിരുന്നു. തുടര്‍ന്ന് കാബൂളില്‍ റസ്ട്രന്റ് നടത്തിവരികയായിരുന്ന ഷാ ഹുങ് എന്ന ചൈനീസ് യുവതിയും പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് സ്‌ഫോടക വസ്തുക്കളും മറ്റു നിയമവിരുദ്ധ സാധനങ്ങളും പിടിച്ചെടുത്തു. തുടരന്വേഷണത്തിലാണ് ബാക്കി എട്ടു പേര്‍ പിടിയിലായത്.
 

Latest News