അല്‍ഖുറുമ- പ്രവാസത്തോട് വിടപറഞ്ഞ് നാട്ടിലെത്തി ജീവിതത്തില്‍നിന്നു തന്നെ യാത്രയായ ആലപ്പുഴ സ്വദേശിയുടെ നാടും വീടും ഓര്‍മിക്കാന്‍ സൗദി അറേബ്യയിലെ അല്‍ഖുറുമയില്‍ ഒരു മരമുണ്ട്. നിരവധി പേര്‍ക്ക് കീടനാശിനിയേല്‍ക്കാതെ വിശ്വാസത്തോടെ ഉപയോഗിക്കാവുന്ന കറിവേപ്പില സമ്മാനിക്കുന്ന ഒരു മരം. 1990 ല്‍ ഇവിടെ എത്തിയ ആലപ്പുഴക്കാരനായ വിജയനെയാണ് കറിവേപ്പ് മരത്തിലൂടെ ഓര്‍മിക്കപ്പെടുന്നത്.
വളരെ വേഗം എല്ലാവരുടെയും വിജയന്‍ ഭായ് ആയി മാറിയ വിജയന്‍ തുന്നല്‍ പണിക്കാരനായിരുന്നു.
ജിദ്ദയില്‍നിന്ന് 400 കിലോ മീറ്റര്‍ അകലെയുള്ള അല്‍ ഖുറുമയില്‍ അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലയാളി സാന്നിധ്യമുണ്ട്. 1979 ല്‍ ഒട്ടകപ്പുറത്തും നടന്നുമൊക്കെ ഇവിടെ എത്തിയ മലയാളികളെ ഇപ്പോഴും കാണാം.
കണ്ണൂര്‍ എളയാവൂര്‍ സ്വദേശിയായ സുഹൃത്ത് ശ്രീശന്‍ നാട്ടില്‍ പോയി വരുമ്പോള്‍ എന്ത് കൊണ്ട് വരണമെന്ന് ചോദിച്ചപ്പോള്‍ വരുമ്പോള്‍ ഒരു കറിവേപ്പില തൈ കൊണ്ട് വരണമെന്ന് പറയുകയായിരുന്നു.
അങ്ങനെ എത്തിയ തൈ കരുതലോടെ വളര്‍ത്തിയാണ് ഇത്തരത്തിലൊരു വലിയ മരമാക്കി മാറ്റിയത്. എട്ടു വര്‍ഷം മുമ്പ് പ്രവാസജീവതം മതിയാക്കി നാട്ടില്‍ പോയ വിജയന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചു.
ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകനും തുന്നല്‍ ജോലിക്കാരനുമായ യൂസഫ് അതിരുമടയുടെ കാവലിലാണ് ഈ മരം വളരുന്നത്.
പണ്ടൊക്കെ രാത്രികാലങ്ങളില്‍ ഇലയെടുക്കാന്‍ അനുവദിക്കില്ലായിരുന്നു. രാത്രിയില്‍ ഇലയെടുക്കുന്നതു നല്ലതല്ലെന്ന വിശ്വാസമായിരുന്നു കാരണം. അത്രയും കരുതലോടെയാണ് വിജയന്‍ ഈ മരത്തെ സംരക്ഷിച്ചതെന്നു നിറഞ്ഞ കണ്ണുകളോടെ യൂസഫ് പറഞ്ഞു.
ജിദ്ദയിലെ മാധ്യമ പ്രവര്‍ത്തകനും കൃഷി ഗ്രൂപ്പ് ജിദ്ദ പ്രസിഡന്റുമായ മുസ്തഫ കെ.ടി പെരുവള്ളൂരാണ് യാത്രക്കിടയില്‍ യാദൃഛികമായി ഇവിടെ എത്തിയത്. കൂട്ടുകാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അല്‍പം കറിവേപ്പിലയുമായിട്ടായിരുന്നു മടക്കം. വര്‍ഷങ്ങള്‍ പിന്നിട്ടാലും വിജയന്‍ ഭായി അല്‍ ഖുറുമയിലെ കറിവേപ്പിലയിലൂടെ ഓര്‍മിക്കപ്പെടും.