Sorry, you need to enable JavaScript to visit this website.

സഞ്ചാരികൾക്ക് വിരുന്നൊരുക്കി  മർവാനി അണക്കെട്ടും തടാകവും 

  മർവാനി തടാകം
മർവാനി അണക്കെട്ട് 
ലേഖകനും  കൂട്ടുകാരും 

വാഴയും മാവും പ്ലാവുമെല്ലാം വളരുന്ന മരുഭൂമിയിലെ ഒരു കൃഷിത്തോട്ടത്തെക്കുറിച്ച് യാദൃഛികമായി വായിക്കാനിടയായതാണ് ഒരു യാത്രക്ക് പ്രേരിപ്പിച്ചത്. എങ്ങനെയെങ്കിലും ആ സ്ഥലം കണ്ടുപിടിക്കണമെന്ന് തീരുമാനിച്ചു. ലൊക്കേഷൻ അറിയാത്തതിനാൽ ആ ലേഖനത്തിൽ പരാമർശിച്ച ഒരു അണക്കെട്ടിന്റെ പേരു ഗൂഗിൾ മാപ്പിൽ പരതി ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടു.  ഒരു ചെറിയ ചിറ എന്നേ പോകുമ്പോൾ അണക്കെട്ടിനെക്കുറിച്ച് ചിന്തിച്ചിരുന്നുള്ളൂ. അതിനടുത്തെത്തിയാൽ വായിച്ചറിഞ്ഞ കൃഷിത്തോട്ടം അന്വേഷിച്ച് കണ്ടെത്താം എന്നായിരുന്നു ഉദ്ദേശ്യം.
ജിദ്ദയിൽ നിന്നും 130 കിലോമീറ്റർ അകലെയുള്ള അൽ ഖുവാർ ഡിസ്ട്രിക്റ്റിലാണ്  ലക്ഷ്യ സ്ഥാനം. ഖുലൈസ് പ്രവിശ്യയിലുൾപ്പെട്ടതാണു ഈ സ്ഥലം.വഴി തെറ്റാതെ ഗൂഗിൾ മാപ്പ് സഹായിച്ചതുകൊണ്ട് വൈകുന്നേരം 5 മണിക്ക് അൽ ഖുവാറിലെത്തി. 


മെയിൻ റോഡിൽ മർവാനി അണക്കെട്ട് പദ്ധതിയെക്കുറിച്ച് വിവരിച്ചിരിക്കുന്ന ബോർഡ് കണ്ടു. ഗൂഗിൾ നാവിഗേറ്റർ ഞങ്ങളെ വലത്തോട്ട് നയിച്ചു അണക്കെട്ടിന്റെ തുടക്കം വരെയെത്തിച്ചു. ഗേറ്റും കല്ലുമൊക്കെ വെച്ച് ഡാമിലേക്ക് വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ അധികൃതർ മുൻ കരുതലെടുത്തിരിക്കുന്നു.
ഞങ്ങൾ ഡാമിനു മുകളിലൂടെ  നടത്തം ആരംഭിച്ചു. ഡാമിനെക്കുറിച്ച് നേരത്തെയുണ്ടായിരുന്ന ധാരണകളെല്ലാം തീർത്തും ഇല്ലാതാക്കുന്നതായിരുന്നു അനുഭവം. നല്ല നീളമുള്ള ഡാമിന്റെ അങ്ങേ തലക്കൽ നടന്നെത്തി. ഡാം അവസാനിക്കുന്നിടത്ത് നിന്ന്  നല്ല നീളത്തിൽ ഒരു  സ്പിൽ വേ (ജല നിർഗമന മാർഗം) നിർമ്മിച്ചിരിക്കുന്നു. സ്പിൽ വേയുടെ മറു തലക്കൽ മറ്റൊരു ഡാം കൂടി ഉള്ളതായി കാണാൻ സാധിച്ചു. അതായിരുന്നു പ്രധാന ഡാം.


സൗദിയിലെ അഞ്ചാമത്തെ വലിയ ഡാമാണു മർവാനി. 2004 ൽ തുടങ്ങിയ മർവാനി ഡാമിന്റെ നിർമ്മാണം 2010 ലാണു പൂർത്തിയായത്.263 മില്യൺ റിയാൽ ഇതിന്റെ നിർമ്മാണത്തിനു ചെലവായി.പ്രധാനമായും താഴ്‌വരയിലെ വെള്ളപ്പൊക്ക നിയന്ത്രണമാണു ഉദ്ദേശ്യമെങ്കിലും  വെള്ളം തടഞ്ഞ് നിർത്തുന്നതിലൂടെ താഴ്‌വരക്ക് സമീപങ്ങളിലുള്ള കിണറുകളിൽ വെള്ളം നില നിർത്തുന്നതിനുള്ള ഒരു സ്രോതസ്സായും  അണക്കെട്ടിലൂടെ ലക്ഷ്യമിടുന്നുണ്ട്.  
ഞങ്ങൾ ആദ്യം കയറിയത് ചെറിയ ഡാമിന്മേലായിരുന്നു. രണ്ട് ഡാമുകൾക്കിടയിലായാണു സ്പിൽ വേ നിർമ്മിച്ചിരിക്കുന്നത്. പ്രധാന ഡാമിന്റെ നീളം 575 മീറ്ററും ചെറിയ ഡാമിന്റെ നീളം 437 മീറ്ററുമാണു. ഭൗമ നിരപ്പിൽ നിന്നും 102 മീറ്റർ ഉയരമാണു പ്രധാന ഡാമിനുള്ളത്.ചെറിയ ഡാമിന്റെ ഉയരം 30 മീറ്ററാണു.രണ്ട് ഡാമിന്റെയും കൂടി നീളം 1012 മീറ്റർ വരും.
ഡാമിലൂടെ നടക്കുന്നതിനിടയിൽ അൽപം ദൂരെ താഴ്‌വരയിൽ ഒരു ജലാശയം കണ്ണിൽ പെട്ടു.അപ്പോഴാണു ഡാമിലേക്കുള്ള വഴിയിൽ, തടാകത്തിൽ കുളിക്കുന്നത് വിലക്കിക്കൊണ്ടുള്ള അധികൃതരുടെ മുന്നറിയിപ്പ് ബോർഡുകൾ ഓർമ്മ വന്നത്. എങ്ങനെയെങ്കിലും തടാകത്തിനടുത്തെത്തണം . ഡാമിന്റെ ചെരിഞ്ഞ വശങ്ങളിൽ വിതറിയ കരിങ്കൽച്ചീളുകളിലൂടെ മെല്ലെ ഇറങ്ങി താഴ്‌വരയിലെത്തി. തടാകത്തിനടുത്തേക്ക് നടന്നു.


ജല സമൃദ്ധിയാൽ തടാകം ആരെയും ആകർഷിക്കും. താഴ്‌വരയും തടാകവും നടന്ന് കണ്ടാസ്വദിച്ചു. നേരം ഇരുട്ടിത്തുടങ്ങി. കൃഷിത്തോട്ടം കാണാനായി വന്ന ഞങ്ങൾക്ക് അത് കാണാൻ പറ്റിയിട്ടില്ല. ഇനി ഇരുട്ടത്ത് കാണാൻ ശ്രമിച്ചിട്ടും ഫലമില്ലെന്നോർത്ത് മടക്കമായി. മടങ്ങുമ്പോൾ ഏതാനും  മീറ്ററുകൾ മാത്രം സഞ്ചരിച്ചപ്പോൾ വലത്തോട്ട് ഒരു റോഡ് കണ്ടു. സുഹൃത്ത്  കാർ അങ്ങോട്ട് തിരിച്ചു. ഭീമൻ  പാറയിടുക്കിലൂടെ അൽപം മുന്നോട്ട് പോയപ്പോൾ ഒരു കാർ പോകാൻ വലിപ്പത്തിലുണ്ടാക്കിയ അൽപം നീളമുള്ള കൃത്രിമ തുരങ്കം കണ്ടു.
തുരങ്കത്തിനുള്ളിലൂടെ പോയി പുറത്തിറങ്ങിയപ്പോൾ ഇടത് ഭാഗത്ത് സൗദി വാട്ടർ ആന്റ് ഇലക്ട്രിസിറ്റി മന്ത്രാലയത്തിന്റെ മനോഹരമായ കെട്ടിട സമുച്ചയം കാണാൻ സാധിച്ചു.


ഞങ്ങൾ വീണ്ടും മുന്നോട്ട് പോയപ്പോൾ എത്തിപ്പെട്ടത് ആദ്യം കയറിയ ഡാമിൽ നിന്ന് കണ്ട  സ്പിൽ വേക്കപ്പുറത്ത് നിർമ്മിച്ചിരിക്കുന്ന പ്രധാന ഡാമിലായിരുന്നു. അവിടെ നിന്ന് താഴ്‌വരയിലേക്കും തടാകത്തിനടുത്തേക്കും  കാറുമായി ചെല്ലാനുള്ള വഴിയും ഒരു വാച്ച് ടവറും കാണാൻ സാധിച്ചു. തടാകത്തിന്റെ ക്ലിയർ വ്യൂ അവിടെ നിന്ന് ലഭിക്കുന്നതിനാൽ ആദ്യം എത്തേണ്ടത് അവിടെയായിരുന്നു . പക്ഷേ ഇരുട്ട് കൂടിവരുന്നതിനാൽ അവിടെ കൂടുതൽ നിന്നിട്ട് കാര്യമില്ലാത്തതിനാൽ ജിദ്ദയിലേക്ക് തിരിച്ചു. 


 

Latest News