ഡബ്ലിൻ- ബ്രിട്ടനും യൂറോപ്യൻ യൂണിയനുമായി ബ്രക്‌സിറ്റ് കരാറിൽ എത്തി. ഏറ്റവും ഒടുവിൽ വരെ തർക്കത്തിലുണ്ടായിരുന്ന മൽസ്യബന്ധനത്തിൽ കൂടി ധാരണയിലെത്തിയതോടെയാണ് കരാറിൽ ഒപ്പിട്ടത്. യു.കെയുടെ കടൽമേഖലയിൽ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബോട്ടുകൾ പിടികൂടുന്ന മത്സ്യത്തിന്റെ മൂല്യത്തിന്റെ 25 ശതമാനം ബ്രിട്ടീഷ് മത്സ്യത്തൊഴിലാളികൾക്ക് കൈമാറാമെന്ന നിലപാടാണ് ഏറ്റവും പുതിയ ഓഫറായി യൂറോപ്യൻ യൂണിയൻ മുന്നോട്ടുവെച്ചത്. ഈ വ്യവസ്ഥ യുകെ അംഗീകരിച്ചു. യൂറോപിന് മൊത്തത്തിൽ ഏറെ ഗുണകരമായ കരാറാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. നീതിയുക്തമായ കരാറാണെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വൊൻ ഡേർ ലെയേൻ വ്യക്തമാക്കി.
കരാർ നിലവിൽ വന്നതോടെ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ജനുവരി ഒന്നു മുതൽ യു.കെയുമായി പുതിയ വ്യാപാര കരാറിലേർപ്പെടേണ്ടി വരും. ഇതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. കരാറിലെത്തിയാലുടൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ യോഗം ചേരാൻ യൂറോപ്യൻ യൂണിയൻ കമ്മീഷൻ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം നൽകി. ബ്രസൽസിലെ അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യൂറോപ്യൻ കൗൺസിൽ, കരാറിന്റെ വേഗത്തിലുള്ള നടപ്പാക്കൽ ഉറപ്പാക്കുന്നതിനായി പ്രൊവിഷണൽ ആപ്ലിക്കേഷൻ പ്രാപ്തമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.