Sorry, you need to enable JavaScript to visit this website.

കാവ്യാത്മക സായാഹ്നം തീർത്ത കവിയരങ്ങ്

ജിദ്ദ നവോദയ സംഘടിപ്പിച്ച കവിയരങ്ങ് മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ സാന്നിധ്യത്തിൽ നടന്ന കവിയരങ്ങ് ഹൃദ്യമായ കവിതാലാപനത്താൽ നവ്യാനുഭവമായി. മുരുകൻ കാട്ടാക്കട സ്വന്തം കവിതകളിലൂടെ അനിർവചനീയ അനുഭൂതി സമ്മാനിച്ചപ്പോൾ അദ്ദേഹത്തിന്റെ കവിതകൾ കുട്ടികളുൾപ്പെടെ മറ്റുള്ളവർ മനോഹരമായി ആലപിച്ച് കവിയുടെ ഇഷ്ടവും സദസ്സിന്റെ കൈയടിയും സമ്പാദിച്ചു. ജിദ്ദയിലെ കലാ ഹൃദയങ്ങൾക്ക് പതിവിൽനിന്നു വ്യത്യസ്തമായ കവിയരങ്ങിന് വേദിയൊരുക്കിയത് ജിദ്ദ നവോദയയായിരുന്നു. 
ശക്തമായ നവോത്ഥാന മൂല്യങ്ങളും പുരോഗമന ബോധവും കൊണ്ട് അന്ധകാരത്തിൽ നിന്ന് നമ്മൾ വളർത്തിയെടുത്ത ഇടങ്ങളെ വീണ്ടും വീണ്ടും നിലനിർത്തുവാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്ന് കവിയരങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുരുകൻ കാട്ടാക്കട പറഞ്ഞു. ഒരോ സാഹിത്യകാരനും കഴുത്ത് നഷ്ടപ്പെടുമെന്ന് ഭയപ്പെടാതെ ശക്തമായി പ്രതികരിക്കേണ്ട കാലമാണിത്. അതിനായി ഉണർന്ന് ജാഗ്രത്തായി ഇരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന കവിയരങ്ങിൽ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.കെ റഊഫ്, രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുറഹ്മാൻ വണ്ടൂർ, ശ്രീകുമാർ മാവേലിക്കര, ഫിറോസ് മുഴപ്പിലങ്ങാട്, സി.എം. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. 
സൗമ്യ വിനോദ്, റിഹാൻ ബീരാൻ, ഭാമ, സൈബ അഷ്‌റഫ് അഭിനവ് മേനോൻ, ഹിസ, വിജി വിജയകുമാർ, ഉസ്മാൻ പാണ്ടിക്കാട്, അരുവി മോങ്ങം, ജുനൈസ്, പ്രേംകുമാർ തുടങ്ങിയവർ കവിതാലാപനം നടത്തി. അധികപേരും മുരുകൻ കാട്ടാക്കടയുടെ കവിതയുമായെത്തിയപ്പോൾ മറ്റുള്ളവർ സ്വന്തം കവിതകളും പ്രശസ്തരുടെ കവിതകളുമായാണ് എത്തിയത്. നവാസ് വെമ്പായം സ്വാഗതവും സേതുമാധവൻ നന്ദിയും പറഞ്ഞു.
 

Latest News