Sorry, you need to enable JavaScript to visit this website.

സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി;  വിദേശ എൻജിനീയർമാർ കുടുങ്ങി

റിയാദ് - സൗദിയിൽ ജോലി നേടുന്നതിന് വിവിധ രാജ്യക്കാരായ വിദേശികൾ സമർപ്പിച്ച 2,799 വ്യാജ എൻജിനീയറിംഗ്, ടെക്‌നിക്കൽ സർട്ടിഫിക്കറ്റുകൾ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് കണ്ടെത്തിയതായി കൗൺസിൽ സെക്രട്ടറി ജനറൽ എൻജിനീയർ ഫർഹാൻ അൽശമ്മരി പറഞ്ഞു. എൻജിനീയറിംഗ്, ടെക്‌നിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന നിയമ ലംഘകരെയും വ്യാജന്മാരെയും പിടികൂടുന്നതിന് വർഷങ്ങളായി കൗൺസിൽ പ്രർത്തിച്ചുവരികയാണ്. മതിയായ യോഗ്യതകളില്ലാതെ പ്രൊഫഷനൽ, ടെക്‌നിക്കൽ തൊഴിലുകൾ നിർവഹിക്കുന്ന പ്രവണത ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് എൻജിനീയറിംഗ്, ടെക്‌നിക്കൽ മേഖലയിലെ വ്യാജന്മാരെ പിടികൂടുന്നത്. 
വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും അവരെ ജോലിയിൽ നിന്ന് അകറ്റിനിർത്താനും അത്തരക്കാരുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൗൺസിൽ സമർപ്പിക്കുകയാണ് ചെയ്യുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നിർമാണ മേഖലയിൽ ജോലി നേടി രാജ്യത്തിന്റെ ആർജിത നേട്ടങ്ങൾക്കും ദേശീയ സമ്പദ്‌വ്യവസ്ഥക്കും കോട്ടം തട്ടിക്കാൻ ശ്രമിക്കുന്നവരെ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് കണ്ടെത്തി നടപടികൾ സ്വീകരിക്കും.
 

Latest News