Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ നീക്കമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂദല്‍ഹി- ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളെ മാറ്റി നിര്‍ത്തി മറ്റു വിദേശ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് മാത്രമായി പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടു ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുമെന്ന റിപോര്‍ട്ടുകളെ കമ്മീഷന്‍ തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസം ഒരു എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി ആയാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

'ഇത്തരമൊരു നീക്കത്തിന് കമ്മീഷന്‍ ഒരു നിര്‍ദേശവും മുന്നോട്ടു വച്ചിട്ടില്ല. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നിലവിലെ നിര്‍ദേശം വിദേശങ്ങളിലെ ഇന്ത്യക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്. ഇതിന് 2011ലെ നിയമഭേദഗതി പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകേതുണ്ട്,' കമ്മീഷന്‍ മറുപടിയില്‍ വ്യക്തമാക്കുന്നു. ഈ നിര്‍ദേശത്തിന് നിയമ മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നടപ്പിലാക്കുകയാണെങ്കില്‍ ലോകത്ത് എല്ലായിടത്തും ഒരു പോലെയായിരിക്കുമെന്നും തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമായിരിക്കില്ലെന്നും കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

പ്രവാസി ഇന്ത്യക്കാര്‍ക്കു കൂടി വോട്ടു ചെയ്യാനുള്ള സൗകര്യം ലഭിക്കുന്ന തരത്തില്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ 1951വെ ജനപ്രാതിനിധ്യ നിയമ ഭേദഗതി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 27ന് കമ്മീഷന്‍ കേന്ദ്ര നിമയ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. 12.6 ദശലക്ഷ്യം ഇന്ത്യക്കാര്‍ പ്രവാസികളായി വിദേശത്തുണ്ടെങ്കിലും പതിനായിരങ്ങള്‍ മാത്രമെ വോട്ടര്‍മാരായി രജിസറ്റര്‍ ചെയ്തിട്ടുള്ളൂ. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടുകള്‍ക്കായി പരീക്ഷിച്ച ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.ബി.ബി.എസ്) പ്രവാസി ഇന്ത്യക്കാര്‍ക്കു കൂടി ഏര്‍പ്പെടുത്തണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
 

Latest News