തിരുവനന്തപുരം- സംസ്ഥാനത്തെ മുഴുവന്‍ തെരുവ് വിളക്കുകളും എല്‍.ഇ.ഡി ആക്കിമാറ്റുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മൂന്ന് മാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കും. തെരുവുകള്‍ക്ക് നല്ല പ്രകാശം കിട്ടും എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍ 50 ശതമാനം കുറയും. കാരണം, എല്‍ഇഡി ബള്‍ബുകള്‍ക്ക് കുറഞ്ഞ ഊര്‍ജമേ ആവശ്യമുള്ളു. പരിസ്ഥിതിയ്ക്കും ഇത് ഗുണം ചെയ്യും. പരിപാലന ചിലവ് കുറവായിരിക്കും. മറ്റു ബള്ബുകളെക്കാള് കൂടുതല്‍ കാലം എല്‍ഇഡി ബള്‍ബുകള്‍ നിലനില്ക്കും.
മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയാണിത്. 296 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. കിഫ്ബിയില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. തദ്ദേശ സ്ഥാപനങ്ങളുടെ വലുപ്പവും ആവശ്യവുമനുസരിച്ച് ലഭ്യമായ അഞ്ച് പാക്കേജുകളില്‍ ഒന്നോ അതിലധികമോ പാക്കേജുകള്‍ തെരഞ്ഞെടുക്കാം.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള സംയുക്ത സംരംഭമായ ഇഇഎസ്എല്‍ വഴിയാണ് കെഎസ്ഇബി ബള്‍ബുകള്‍ വാങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കെഎസ്ഇബി ബള്‍ബുകള്‍ വാങ്ങി സ്ഥാപിച്ചു കൊടുക്കും. ഇതിന്റെ പരിപാലനം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. വര്‍ഷം തോറും തദ്ദേശ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് വരിസംഖ്യ അടയ്ക്കേണ്ടതുണ്ട്.
ആദ്യഘട്ടത്തില്‍ ഫെബ്രുവരിയോടെ രണ്ട് ലക്ഷം ബള്‍ബുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ജനുവരി ഒന്നുമുതല്‍ തന്നെ ബള്‍ബുകള്‍ മാറ്റിത്തുടങ്ങും. അടുത്ത മൂന്ന് മാസത്തിനകം 8.5 ലക്ഷം ബള്‍ബുകള്‍ കൂടി മാറ്റി സ്ഥാപിക്കും. അതോടെ സംസ്ഥാനത്താകെ തെരുവുകളില്‍ കൂടുതല്‍ പ്രകാശം പരത്തുന്ന എല്‍ഇഡി ബള്‍ബുകളായിരിക്കും. രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.