വൈക്കം- ഹാദിയയെ വീട്ടിൽ സന്ദർശിക്കുന്നതിന് എത്തിയ സോളിഡാരിറ്റി സംഘത്തെ പോലീസ് തടഞ്ഞു. അഡ്വ. പി.എ പൗരന്റെ നേതൃത്വത്തിലെത്തിയ പന്ത്രണ്ട് അംഗ മെഡിക്കൽ സംഘത്തെയാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജനുമായി അഡ്വ. പി.എ പൗരൻ ഫോണിൽ നേരിട്ട് സംസാരിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഡി.ജി.പിയുടെ ഓഫീസും സംഘത്തിന്‍റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ല.
മനുഷ്യാവകാശ, മെഡിക്കൽ സംഘമാണ് ഹാദിയയെ കാണാൻ എത്തിയതെന്നും ഹാദിയയെ ആണ് കാണാൻ എത്തിയതെന്നും അവരോട് സംസാരിക്കാനാണ് വന്നതെന്നും അഡ്വ. പി.എ പൗരൻ പറഞ്ഞു. ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം തടയപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് എത്തിയതെന്നും പൗരൻ പറഞ്ഞു. സുപ്രീം കോടതി ഇക്കാര്യം ഈ മാസം 27ന് പരിഗണിക്കാനിരിക്കെ എന്തിനാണ് ഇവിടെ വന്നതെന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവരുടെ സ്വകാര്യത നഷ്്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനാണ് വന്നതെന്നായിരുന്നു മറുപടി.
ഹാദിയയെ കാണാൻ പാടില്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും പൗരൻ വ്യക്തമാക്കി. ഹാദിയയെ കാണാനെത്തിയെ സംഘത്തെയും മാധ്യമപ്രവർത്തകരും രൂക്ഷമായ രീതിയിലാണ് നേരിട്ടത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരിൽ ഭൂരിഭാഗവും മെഡിക്കൽ സംഘത്തിന്റെ വരവിനെ ചോദ്യം ചെയ്തു. ഒരാഴ്ച്ച മുമ്പു തന്നെ വരാൻ തീരുമാനിച്ചിരുന്നുവെന്നും ഇത് പുതിയ സംഭവമല്ലെന്നും അഡ്വ. പി.എ പൗരൻ പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഇവിടെ വന്ന് ഇടിച്ചുകയറാൻ ശ്രമിക്കുന്ന രീതി ശരിയല്ലെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ വാദം.ഹാദിയയുടെ അച്ഛൻ അശോകനുമായി പോലീസ് സംസാരിച്ചെങ്കിലും കാണാൻ അനുവദിക്കില്ലെന്നായിരുന്നു മറുപടി. തുടർന്ന് സംഘം തിരിച്ചുപോയി.
ഈ സംഘം എത്തിയതോടെ അന്‍പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു. സംഘം തിരിച്ചുപോകുന്നതിനിടെ കൂക്കുവിളികളുമുയര്‍ന്നു.